പഠനയാത്ര സംഘടിപ്പിച്ചു
മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി യുടെ ഭാഗമായി പ്രവർത്തിക്കുന്ന വയോജനവേദിയുടെ ആഭിമുഖ്യത്തിൽ വടകര ഇരിങ്ങൽ ക്രാഫ്ട് വില്ലേജ്, ലോകനാർ കാവ്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് എന്നിവിടങ്ങളിലേക്ക് പo നയാത്ര സംഘടിപ്പിച്ചു.
150 ഓളം സ്റ്റാളുകളിലായി കേരളത്തിനു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആഫ്രിക്കൻ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള വൈവിദ്ധ്യമേറിയ അനേകം കരകൗശല ഗാർഹിക ഉല്പന്നങ്ങൾ ക്രാഫ്ട് വില്ലേജിലെ ഈ വർഷത്തെ ഇന്റർനാഷണൽ എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടായിരുന്നു.എക്സിബിഷനിൽ പങ്കെടുക്കുന്ന കരകൗശല കലാകാരന്മാരുമായി സംവദിക്കാൻ കഴിഞ്ഞത് ഈ മേഖലയെ സംബന്ധിച്ച ഉൾകാഴ്ച നൽകാൻ പര്യാപ്തമായതായി പഠനയാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കളരി എക്സിബിഷൻ വിഭാഗത്തിൽ കളരിയിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ, കളരി - മർമ്മ ചികിത്സ സംബന്ധിച്ച ഒട്ടേറെ മരുന്നുകൾ, പരിശീലന മുറകൾ എന്നിവയെക്കുറിച്ച് അറിവു നല്കുന്ന .പ്രദർശന വസ്തുക്കൾ ഉണ്ടായിരുന്നു.
വടക്കൻ പാട്ടിലെ തച്ചോളി ഒതേനന്റെയും ആ കാലഘട്ടത്തിന്റെ ഓർമകൾ അയവിറക്കുന്ന കാവിലെ സന്ദർശനവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് സന്ദർശനവും വിജ്ഞാനപ്രദവും രസകരവുമായിരുന്നു.
പഠനയാത്രക്ക് ലൈബ്രറി വയോജനവേദി ചെയർമാൻ കെ.കെ.രാമചന്ദ്രൻ, കൺവീനർ കെ.മോഹനൻ എന്നിവർ നേതൃത്വം നല്കി. ലൈബ്രറി പ്രസിഡണ്ട് പി.കെ.വിജയൻ, സെക്രട്ടറി പി.കെ.പ്രഭാകരൻ എന്നിവർ ഉൾപെടെ 25 പേർ പങ്കെടുത്തു.07.01. 19 ന് രാവിലെ 8 മണിക്ക് ലൈബ്രറി പരിസരത്തു നിന്ന് ആരംഭിച്ച യാത്ര രാത്രി 8.30 ന് ലൈബ്രറി പരിസരത്തു സമാപിച്ചു.