സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്:നാറാത്ത് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ
കണ്ണൂർ:ഏറെക്കാലമായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവരികയായിരുന്ന രണ്ടുപേരെ ടൗൺ സിഐ രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശി മൻസൂർ (32),മലപ്പുറം താനൂരിലെ അബ്ദുൽഅസീസ് (40)എന്നിവരാണ് പിടിയിലായത്. നാറാത്ത് ടൗണിലെ ഒരു മുറി കേന്ദ്രീകരിച്ച് ഇവർ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവരികയായിരുന്നു കണ്ണാടിപ്പറമ്പ്,നാറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ഗൾഫിൽ പോയവർ നാട്ടിലുള്ളവരെ ബന്ധപ്പെടാനുള്ളത് ഈ എക്സ്ചേഞ്ച് മുഖേനയായിരുന്നു. ഗൾഫിൽ വെച്ചായിരുന്നു ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നത് . എന്നാൽ ഈ പ്രദേശത്തെ ബി.എസ്.എൻ എൽ ഉപഭോക്താക്കൾ കൃത്യമായി ഫോൺബന്ധം ലഭിക്കാത്തതിനെ തുടർന്ന് ഒരുവർഷംമുമ്പ് അധികൃതർക്ക് പരാതി നൽകുകയും ബി.എസ്.എൻ.എൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും ചെയ്തു. ബി.എസ്.എൻ.എൽന്റെ സംവിധാനങ്ങൾക്ക് യാതൊരു തകരാറും ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു .ഒരുവർഷത്തോളമായി പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ചെന്നൈയിൽനിന്ന് ഒരു കോടി രൂപ വിലയുള്ള ഉപകരണം ഇറക്കുമതി ചെയ്താണ് സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചത്. ബി.എസ്.എൻ.എൽ ന്റെ 96 ഓളം സിം കാർഡുകൾ ഉപയോഗിച്ചയിരുന്നു തട്ടിപ്പ് .ചൈനീസ് ഉപകരണത്തിലെ ഒരു ബോക്സിൽ 36 സിംകാർഡുകൾ ഒരേസമയം ഉപയോഗിക്കാൻ കഴിയുന്നതായിരുന്നു. ചൈനയിൽ നിന്നിൽ സമാനരീതിയിലുള്ള മെഷീൻ ബാംഗ്ലൂരിൽ നിന്ന് ഇറക്കുമതിചെയ്ത തമിഴ്നാട് സ്വദേശി നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും സമാന്തര എക്സ്ചേഞ്ച് കണ്ടെത്താൻ സഹായകരമായി. പോലീസ് പിടിയിലാകുമെന്നായതോടെ പ്രതികൾ സമാന്തര എക്സ്ചേഞ്ചിൽ നിന്നും മാറി നിൽക്കുകയായിരുന്നു .മൻസൂർ പുതിയതെരുവിൽ ഫ്രൂട്സ് കടയും അബ്ദുൽഅസീസ് തവന്നുരിൽ മൊബൈൽ ഷോപ്പും നടത്തിവരികയായിരുന്നു. എ .എസ്.ഐ കെവി അനീഷ് കുമാർ സീനിയർ സി.പിഒ മാരായ സി രഞ്ജിത്ത് ,സിപി. ഓമാരായ റഹീസ് ,വിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.