കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ അത്യാധുനിക രീതിയിലുള്ള ഗ്യാസ് ശ്മശാനം ഒരുങ്ങുന്നു. കൊളച്ചേരി പറമ്പിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നിലവിലുള്ള ശ്മശാനത്തിൻ്റെ സ്ഥാനത്താണ് അമ്പത് ലക്ഷം രൂപ ചെലവിട്ട് ആധുനിക ശ്മശാനം നിർമിക്കുന്നത്. ത്രിതല പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് പദ്ദതിക്കുള്ള തുക കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ചൂളയിൽ ശവദാഹം നടക്കുന്ന ഇവിടെ പുതിയതായി ഗ്യാസ് സംവിധാനം വരുന്നതോടെ ശവദാഹം എളുപ്പവും സുരക്ഷിതവുമാക്കാൻ സാധിക്കും.അഴീക്കലിൽ സ്ഥിതി ചെയ്യുന്ന Steel Industrials Kerala Ltd (SILK ) നാണ് നിർമ്മാണ ചുമതല. നിർമ്മാണത്തിനാവശ്യമായ സ്ഥലം നിർമ്മാണ പ്രവൃത്തികൾക്കായി ഒരുക്കി കഴിഞ്ഞു.
കൊളച്ചേരി പഞ്ചായത്തിൻ്റെ ഒരു സ്വപ്ന പദ്ധതിയാണ് ഇതിലൂടെ പ്രാവർത്തികമാകാൻ പോകുന്നതെന്നും നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് മൂന്നു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി നാടിനു സമർപ്പിക്കലാണ് ലക്ഷ്യമെന്നും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. താഹിറ, വൈസ് പ്രസിഡൻ്റ് എം അനന്തൻ മാസ്റ്റർ എന്നിവർ 'കൊളച്ചേരി വാർത്ത'കളോട് പറഞ്ഞു.