ലഖ്നോ: ഉത്തർപ്രദേശിലെ ഹത്റാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേറ്റർ നോയിഡയിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്ന് കാൽനടയായി പോകുന്നതിനിടെയാണ് സംഭവം. രാഹുലും പ്രിയങ്ക പ്രവര്‍ത്തകരോടൊപ്പം ഏറെ ദൂരം നടന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
അതിർത്തിയിൽ വെച്ചാണ് ഉത്തർപ്രദേശ് പൊലീസ് രാഹുലിൻ്റെയും പ്രിയങ്കയുടെയും വാഹനം തടഞ്ഞത്. തുടർന്ന് പൊലീസ് ലാത്തി വീശുകയും രാഹുലിനെ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇത് സംഘർഷത്തിനിടയാക്കി. ലാത്തിചാർജിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഹഥ്രസിൽ നിന്ന് 142 കിലോമീറ്റർ അകലെ വെച്ചാണ് യു.പി പൊലീസ് കോൺഗ്രസ് നേതാക്കളുടെ വാഹനം തടഞ്ഞത്. പൊലീസ് തടഞ്ഞതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും അംഗരക്ഷകർക്കുമൊപ്പം യമുന എക്സ്പ്രസ് ഹൈവേയിലൂടെ നടക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർ കൂടി എത്തിയതോടെ സ്ഥലത്ത് കൂടൂതൽ പൊലീസുകാരെ വിന്യസിക്കുകയായിരുന്നു.