സ്ട്രോക്ക് വളരെ വ്യാപകമായി കണ്ടു വരുന്ന കാലമാണിത് .ജീവിത ശൈലീരോഗമായി ഒരു പരിധി വരെ കാണാവുന്ന സ്ട്രോക്കിനെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഒക്ടോബർ 29 ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നത് .
എന്താണ് സ്ട്രോക്ക്?
തലച്ചോറിലേക്കുള്ള രക്തക്കുഴൽ അടയുകയോ, രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നതിൻ്റെ ഫലമായ് ശരീരത്തിൻ്റെ ഒരു ഭാഗം ഭാഗികമായോ പൂർണ്ണമായോ തളരുന്നതിനെയാണ് പക്ഷഘാതം അഥവാ സ്ട്രോക്ക് എന്നു പറയുന്നത് .
സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണ്
-> Ischemic Stroke: തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ രക്തം കട്ട പിടിച്ച് രക്തസംക്രമണം തടസ്സപ്പെടുകയും തത്ഫലമായി തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യുക.
-> Hemorrhagic stroke തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ പൊട്ടൽ സംഭവിച്ച് തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുക .
പ്രധാന കാരണങ്ങൾ :
-> പുകവലി
-> മദ്യപാനം
-> ഉയർന്ന രക്തസമ്മർദ്ദം
-> ഉയർന്ന കൊളസ്ട്രോൾ
-> പ്രമേഹം
-> അമിതവണ്ണം
-> വ്യായാമത്തിൻ്റെ അഭാവം
ലക്ഷണങ്ങൾ :
-> ശരീരത്തിൻ്റെ ബാലൻസ് നഷ്ടപ്പെടുക -> ചുണ്ട് ഒരു വശത്തേക്ക് കോടുക
-> സംസാരിക്കാൻ പ്രയാസം നേരിടുക
-> കൈ ഉയർത്താൻ സാധിക്കാതെ വരിക
-> ശരീരത്തിന്റെ ഒരു ഭാഗത്തേക്ക് തളർച്ച അനുഭവപ്പെടുക
-> കടുത്ത തലവേദന
സാധാരണക്കാർക്ക് ഇത് വേഗത്തില്‍ മനസിലാക്കാനും ഓര്‍ത്തിരിക്കാനും FAST എന്ന ഇംഗ്ലീഷ് വാക്കിലൂടെയുള്ള ഒരു രീതിയുണ്ട്.
Face- മുഖം കോടിപ്പോകുക, കണ്ണടഞ്ഞ് പോവുക
Arm- രോഗിയുടെ കൈയുയര്‍ത്തുമ്പോള്‍ ഒരു ഭാഗത്തേക്ക് തളര്‍ച്ച തോന്നുക
Speech- സംസാരത്തില്‍ കുഴച്ചില്‍, പതിവിലും വ്യത്യാസം തോന്നുക
Time- ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കുക
ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്ന മാത്രയിൽ തന്നെ ന്യൂറോളജിസ്റ്റിൻ്റെ / ഫിസിഷ്യൻ്റ പരിശോധന ആദ്യത്തെ 3 മണിക്കൂറിനുള്ളിൽ തന്നെ ലഭ്യമാക്കുന്നത് ത്രോംബോലൈറ്റിക് തെറാപ്പി പോലെയുള്ള മികച്ച ചികിത്സ കിട്ടുന്നതിന് സഹായിക്കും .
എമർജൻസി മെഡിക്കൽ ചികിത്സ ലഭിച്ചതിനു ശേഷം മുതൽ ഫിസിയോ തെറാപ്പി ചികിത്സ ആരംഭിക്കേണ്ടതുണ്ട്. ഓരോ രോഗിയുടെയും ശാരീരിക അവസ്ഥകളെ വിശദമായി പരിശോധിക്കുകയും, കിടപ്പിലായ രോഗികളുടെ ചലനമറ്റ ശരീരഭാഗങ്ങളെ വിവിധ തരം ഫിസിയോ തെറാപ്പി ചികിത്സാരീതികളിലൂടെ പുനരുജ്ജീവിപ്പിക്കലാണ് ഫിസിയോ തെറാപ്പിസ്റ്റ് ചെയ്യുന്നത്.
പക്ഷഘാതം സംഭവിച്ച രോഗിയിൽ കാണപ്പെടുന്ന ചലനമില്ലായ്മ പേശികളുടെ ശക്തി ക്കുറവാണെന്ന തെറ്റിദ്ധാരണ പൊതുവെ സാമാന്യജനങ്ങൾക്കിടയിലുണ്ട് പക്ഷേ ഇതിന് കാരണമാകുന്നത് തലച്ചോറിന് പേശികൾക്ക് മേൽ ഉള്ള നിയന്ത്രണം നഷ്ടപ്പെടുന്നതാണ്. ശരിയായ ഉദ്ദീപനങ്ങളിലൂടെ ഈ നിയന്ത്രണം പുന:സ്ഥാപിക്കുകയാണ് ഫിസിയോതെറാപ്പിയിലൂടെ ചെയ്യുന്നത് .
ഈ പേശീനിയന്ത്രണങ്ങൾ കൈവരിക്കുന്നത് ഘട്ടം ഘട്ടമായാണ് .പക്ഷാഘാതത്തിനു ശേഷം ആദ്യഘട്ടത്തിൽ ലഭിക്കുന്ന ഫിസിയോതെറാപ്പി ചികിത്സയാണ് പിന്നീട് പൂർണ്ണമായ രോഗമുക്തിയെ നിർണ്ണയിക്കുന്നത്.ഈ ഘട്ടത്തിൽ രോഗിയുടെ കിടക്കുന്ന പൊസിഷൻ മുതൽ ഓരോ ചലനങ്ങളും ഫിസിയോ തെറാപ്പിസ്റ്റിൻ്റെ നിർദ്ദേശമനുസരിച്ച് മാത്രമേ ചെയ്യാകു.ഈ കാലയളവിൽ രോഗിയെ പെട്ടെന്ന് തന്നെ എഴുന്നേൽപിക്കുവാനോ ,നടത്തിക്കാനോ പാടില്ല കൂടാതെ അമിതമായ മർദ്ദങ്ങളോ ,തടവലുകളോ രോഗിയുടെ ശരീരത്തിൽ പ്രയോഗിക്കാനും പാടില്ല .ഇങ്ങനെ ചെയ്യുന്നത് അവസാനഘട്ടത്തിൽ ചലനവൈകല്യങ്ങൾക്ക് കാരണമായേക്കാം.
PNF, MRP, Bobath തുടങ്ങിയ നിരവധി ചികിത്സാ രീതികൾ അവലംബിച്ചു കൊണ്ട് ന്യൂറോഫിസിയോ തെറാപ്പിയിലൂടെ ഫലപ്രദമായ സ്ട്രോക്ക് റീഹാബിലിറ്റേഷൻ സാധ്യമാണ്. സ്ട്രോക്ക് ബാധിച്ച തലച്ചോറിൻ്റെ ഭാഗമനുസരിച്ച് രോഗിയുടെ മാനസികവും വൈകാരികവുമായ പ്രതികരണങ്ങളിൽ വലിയ വ്യത്യാസങ്ങൾ ആദ്യഘട്ടങ്ങളിൽ ഉണ്ടാകാം .ഇതുൾക്കൊണ്ട് കൊണ്ട് ന്യൂറോ ഫിസിയോതെറാപ്പിസ്റ്റ് നിർദ്ദേശിക്കുന്ന ചലനരീതികൾ ചെയ്ത് കൊടുക്കുന്നതിലൂടെ കുടുംബാംഗങ്ങളും ഈ ചികിത്സയുടെ പ്രധാനപ്പെട്ട ഭാഗഭാക്കാകുന്നു.
സ്ട്രോക്ക് വന്ന നമ്മുടെ കുടുംബാംഗത്തെ ഒറ്റപ്പെടുത്തരുത്, നമുക്കൊരുമിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാം .
P T . Madhu k k BPT,MPT(Neuro) ,Sr.Consultant Neuro Physiotherapist., Dpt.of Physiotherapy
KLIC HOSPITAL
Kambil
04602240800, 9605577030