തിരുവനന്തപുരം :- ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു.മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് 8135 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വർധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കടകളിൽ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് നിർബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആൾക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി വിവാഹത്തിനും സംസ്കാര ചടങ്ങിലും ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.