സ്പോർട്സ് ഫാൻ്റസി ഗൈമിങ് ആപ്പായ ഡ്രീം ഇലവനിലൂടെ കോടിപതിയായി കണ്ണൂർ സ്വദേശി റാസിഖ്. ഒരു കോടി രൂപയുടെ മെഗാ കോണ്ടസ്റ്റ് വിജയിക്കുന്ന ആദ്യ മലയാളിയാണ് റാസിഖ്. കണ്ണൂർ പാനൂർ സ്വദേശിയായ റാസിഖ് 54 ലക്ഷത്തോളം ആളുകളെ പിന്തള്ളിയാണ് കോണ്ടസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
പാനൂർ പൊലീസ് ക്വാട്ടേഴ്സിന് സമീപമാണ് മീത്തലെ പറമ്പത്തെ റാസിഖ് എന്ന റാസിഖ് കെഎം താമസിക്കുന്നത്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ കാൻറീൻ നടത്തുന്ന യുവാവ് 790 പോയിൻ്റുകൾ നേടിയാണ് ഒന്നാമതെത്തിയത്.
ഐപിഎൽ ഈ സീസണിൻ്റെ മുഖ്യ സ്പോൺസർമാരാണ് ഡ്രീം ഇലവൻ. 222 കോടി രൂപക്കാണ് കരാർ. അൺഅക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിവോയെ മുഖ്യ സ്പോൺസർ സ്ഥാനത്തു നിന്ന് നീക്കി പുതിയ ബിഡ് ക്ഷണിക്കുകയായിരുന്നു.
അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് 180 കോടി രൂപയുമാണ് ഐപിഎൽ സ്പോൺസർഷിപ്പിനായി മുന്നോട്ടുവച്ചത്. മലയാളി സംരംഭകൻ ബൈജു രവീന്ദ്രൻ്റെ ബൈജൂസ് ആപ്പ് 125 കോടി രൂപയും മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ദേശീയ ടീം മുഖ്യ സ്പോൺസർ കൂടിയായ ബൈജുസ് ഉൾപ്പെടെയുള്ളവരുടെ പ്രപ്പോസൽ 222 കോടി രൂപയുമായി ഡ്രീം ഇലവൻ മറികടക്കുകയായിരുന്നു. മുൻ സ്പോൺസർമാരായിരുന്ന വിവോ 420 കോടി രൂപയാണ് പ്രതിവർഷം നൽകിയിരുന്നത്.