കെ.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ അനുസ്മരണം നാളെ


മയ്യിലിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കെ.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ പതിമൂന്നാം ചരമവാർഷിക ദിനമായ ഒക്ടോ: 11 ന് അനുസ്മരണ യോഗവും 'കാവ്യസന്ധ്യ'യും സംഘടിപ്പിക്കുന്നു. കമ്പിൽ മാപ്പിള ഹൈസ്കൂൾ പ്രധാനാധ്യാപകൻ, കൊളച്ചേരി സൊസൈറ്റി കോളേജ് പ്രിൻസിപ്പൽ, മുല്ലക്കൊടി എ.യു.പി സ്കൂൾ മാനേജർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അദ്ദേഹം മയ്യിൽ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ ദീർഘകാല പ്രസിഡണ്ടു കൂടിയായിരുന്നു.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ സാംസ്കാരിക പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ 'ചേതന'യെ പ്രാപ്തമാക്കിയത്‌ മാഷുടെ കഴിവുറ്റ നേതൃത്വമായിരുന്നു.ലോക ചലച്ചിത്ര ക്ലാസിക്കുകളുടെ പ്രദർശനം, ചലച്ചിത്ര പ്രവർത്തകരുമായുള്ള മുഖാമുഖം, കേരളത്തിനകത്തും പുറത്തുമുള്ള നാടക-ചലച്ചിത്ര പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള  പ0ന കേമ്പുകൾ, ആസ്വാദന കളരികൾ, ചേതന ഫൈൻ ആർട്സ് സൊസൈറ്റി പ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം നേതൃത്വപരമായ പങ്കുവഹിച്ചത് കൃഷ്ണൻ മാസ്റ്ററായിരുന്നു. മയ്യിലിൻ്റെ ഗ്രാമാന്തരീക്ഷത്തിൽ നിന്നും ഒരു കൂട്ടം ചെറുപ്പക്കാരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഐക്യപ്പെടുത്തുകയും നിസ്വാർത്ഥരായ പ്രവർത്തകരാക്കി പരിവർത്തിപ്പിക്കുകയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുകയും ചെയ്തത്  മാഷുടെ സവിശേഷമായ നേതൃപാടവത്തിൻ്റെ ഫലമായാണ്. ശ്രേഷ്ഠനായ ഒരു അധ്യാപകനെന്ന നിലയിലും പ്രദേശത്തിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക വളർച്ചയിൽ സവിശേഷമായ പങ്കുവഹിച്ച വ്യക്തിയെന്ന നിലയിലും ഏവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിൻ്റേത്.അന്തരിച്ച ബിഷപ്പ് പൗലോസ് മാർ പൗലോസ്, എം.വി.ദേവൻ, ഡോ: ടി.പി.സുകുമാരൻ, കെ.പാനൂർ, കവി എ അയ്യപ്പൻ, ജോൺ സി ജേക്കബ്ബ്, തുടങ്ങി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ എത്രയോ ആളുകൾ

ചലച്ചിത്ര പ്രവർത്തകരായ കെ.പി.കുമാരൻ, എം.പി സുകുമാരൻ നായർ, ജയിംസ് ജോസഫ്, മഞ്ജീരാ ദത്ത, വി.കെ.ജോസഫ്, ഒഡേസ മൂവീസിൻ്റെ പ്രവർത്തകർ എന്നിങ്ങനെ നിരവധിയായ സാംസ്കാരിക ബൗദ്ധിക നേതൃത്വങ്ങളെ മയ്യിൽ മേഖലയിലെത്തിക്കുകയും  സാമൂഹിക-സാംസ്കാരിക വിഷയങ്ങളിൽ അവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. അനീതികൾക്കും അന്യായങ്ങൾക്കുമെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതികരണങ്ങളും പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പെരിങ്ങോം ആണവ നിലയ വിരുദ്ധ സമരം, എൻറോൺ വിരുദ്ധ സമരം, മാടായിപ്പാറ ഖനന വിരുദ്ധ സമരം തുടങ്ങിയ  ജനകീയ സമരങ്ങളിലും പരിസ്ഥിതി വിഷയങ്ങളിലും

 പങ്കാളിത്തമുണ്ടായി. ആദിവാസി ഭൂനിയമ ഭേദഗതി ബിൽ, തീരദേശ സംരക്ഷണ നിയമം, ലോകബാങ്കിൻ്റെ വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകൾ എന്നിവക്കെതിരെ നടന്ന കാമ്പയിൻ  പ്രവർത്തനങ്ങൾ എന്നിവ മയ്യിൽ മേഖലയിൽ അക്കാലത്ത് സജീവമായിരുന്നു. ആ കാലഘട്ടത്തിൻ്റെ നേതൃത്വമായി പ്രവർത്തിച്ച വ്യക്തിയുടെ  അനുസ്മരണം തീർച്ചയായും കാലഘട്ടത്തിൻ്റെ  ഓർമ്മയും പുതിയ കാലവുമായുള്ള താരതമ്യവുo കൂടിയായി മാറും. ഡോ :ഡി.സുരേന്ദ്രനാഥ്, ഇ.എ.കുബേരൻ നമ്പൂതിരി ,വി.കൃഷ്ണൻ കരിങ്കൽക്കുഴി, പി.വി.വത്സൻ മാസ്റ്റർ എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിക്കും. തുടർന്ന് കവിതാലാപനത്തിൻ്റെ വ്യത്യസ്ത തലങ്ങളിൽ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടിയ

കുട്ടികൾ അവതരിപ്പിക്കുന്ന 'കാവ്യസന്ധ്യ'യും അരങ്ങേറും.

കോവിഡ് സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഓൺലൈൻ ആയാണ് പരിപാടി നടക്കുകയെന്നും 'ചേതന കൾച്ചറൽ മൂവ്മെൻ്റ് 'ഫെയിസ് ബുക്ക് പേജിൽ ലൈവ് ആയി പരിപാടി സംപ്രേഷണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. 

Previous Post Next Post