മയ്യിൽ :- കാപ്പ നിയമം ചുമത്തപ്പെട്ട പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐയുടെ ഇടപെടൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് മയ്യിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.
കുറ്റ്യാട്ടൂരിലെ വി പി എം സ്റ്റോൺ ക്രഷർ ഓഫീസ് തകർത്തത് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളിലൊരാളായ ആഷിഖാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി മയ്യിൽ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിയെ സിഐയും സംഘവും അറസ്റ്റ് ചെയ്തിട്ട് മതിയായ സമയം ഉണ്ടായിട്ടും ബന്ധപ്പെട്ട ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കാതെ ലോക്കപ്പ് സൗകര്യമോ ആയുധമേന്തിയ പാറാവ് ഡ്യൂട്ടിയോ ഇല്ലാത്ത മയ്യിൽ പൊലീസ് സ്റ്റേഷനിൽ കോവിഡ് പരിശോധന നടത്താതെ രാത്രി പാർപ്പിച്ചതിൽ ദുരൂഹതയുണ്ട്.
സംഭവത്തിൽ ഡി വൈ എഫ് ഐയുടെ ഇടപെടൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ചുള്ളതാണ്.അതുവഴി വേണ്ടത്ര സുരക്ഷ ഒരുക്കാതെ രാത്രിയിൽ സ്റ്റേഷനിൽ പാർപ്പിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ ലഘൂകരിക്കാനും അവരെ രക്ഷിക്കാനുമാണ് ഡിവൈഎഫ്ഐ ശ്രമിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.