കണ്ണൂർ : - തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവു കണക്കുകള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക മുനിസിപ്പല്‍ കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തിനും 1.5 ലക്ഷം രൂപയും നഗരസഭയ്ക്കും ബ്ലോക്ക് പഞ്ചായത്തിനും 75,000 രൂപയും ഗ്രാമ പഞ്ചായത്തിന് 25,000 രൂപയുമാണ്.
സ്ഥാനാര്‍ഥികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഫലപ്രഖ്യാപനം വന്ന് 30 ദിവസത്തിനകം നല്‍കേണ്ടതാണ്. തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുകയോ തെറ്റായ കണക്കുകള്‍ സമര്‍പ്പിക്കുകയോ നിര്‍ണ്ണയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ തുക ചെലവഴിക്കുകയോ ചെയ്തതായി ബോധ്യപ്പെട്ടാല്‍ അത്തരം സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.