തെരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രം

റോഡ് ഷോ/ വാഹന റാലി എന്നിവയ്ക്കും നിയന്ത്രണം



കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ച് പേരില്‍ കൂടാന്‍ പാടില്ല. ഭവന സന്ദര്‍ശന വേളിയില്‍ സ്ഥാനാര്‍ഥികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ. ഇതിനായി പൊലീസിന്റെ  മൂന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ പാടില്ല.

ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം. പ്രചാരണത്തിന് നോട്ടീസ്/ ലഘുലേഖ വിതരണങ്ങള്‍ പരിമിതപ്പെടുത്തി, പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം. വോട്ടര്‍മാര്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ പാടില്ല.  ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയോ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ്  റിസള്‍ട്ട് നെഗറ്റീവായതിന് ശേഷം ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ  പ്രകാരം മാത്രമേ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പാടുള്ളുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  
Previous Post Next Post