കമ്പിൽ :- കൊളച്ചേരി പഞ്ചായയത്തിലെ ആയുർവേദ ആശുപത്രിയുടെ സേവനം കമ്പിൽ ബസാറിൽ ആഴ്ചയിൽ രണ്ട് ദിവസം ലഭ്യമാക്കുമെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് പുറത്തിറങ്ങി.
നിലവിൽ ആയുർവേദാശുപത്രി സ്ഥിതി ചെയ്യുന്ന പള്ളിപ്പറമ്പിലെ യാത്രാ ബുദ്ധിമുട്ട് നേരത്തേ തന്നെ ചർച്ചയായിരുന്നു.പ്രസ്തുത വിഷയം കൊളച്ചേരി വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തുകയു ചെയ്തിരുന്നു. ഭാരതീയ ജനതാ പാർട്ടി കൊളച്ചേരി ഘടകവും സംഘമിത്രാ കലാ സമിതി അടക്കമുള്ള സംഘടനകൾ ഇതിനകം തന്നെ ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർക്കും പഞ്ചായത്ത് ഭരണസമിതിക്കും നിവേദനം നൽകിയിരുന്നു.
കമ്പിൽ ബസാറിൽ വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന കൊളച്ചേരി പഞ്ചായത്ത് ആയുർവേദ ആശുപത്രി പള്ളിപറമ്പിൽ പണി കഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത് കാരണം ചികിത്സക്കായി ജനങ്ങൾ ബുദ്ധിമുട്ടുകയായിരുന്നു .സുഗമമായി യാത്ര ചെയ്യാൻ വാഹനസൗകര്യമില്ലാത്ത സ്ഥലത്താണ് ആശുപത്രി നിർമ്മിച്ചിട്ടുള്ളത് .
ആശുപത്രിയുടെ പ്രവർത്തനം മാറ്റുമ്പോൾ നിലവിൽ ഉണ്ടായിരുന്ന കമ്പിൽ ബസാറിലെ ഡിസ്പൻസറിയിൽ നിന്ന് ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനം ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നു .എന്നാൽ ആശുപത്രി പള്ളിപറമ്പിലേക്ക് മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കമ്പിൽ ബസാറിൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല .ഈ സാഹചര്യത്തിലാണ് ആയുർവേദ ആശുപത്രിയുടെ സേവനം കമ്പിൽ ബസാറിൽ ഉടൻ ഉറപ്പ് വരുത്തണമെന്ന് പഞ്ചായത്ത് അധികൃതരോടും ,ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറോടും ആവശ്യപെട്ട് നിവേദനങ്ങൾ നൽകിയത്.
ആശുപത്രിയുടെ പ്രവർത്തനം കമ്പിലേക്ക് മാറുന്നത് ഒട്ടേറെ പേർക്ക് ഗുണപ്രദമാവും.