ഇറാനിയന്‍ സ്വദേശികളെ മയ്യില്‍ എട്ടാംമൈലിലെ കടയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി



മയ്യിൽ :- മയ്യില്‍ എട്ടാംമൈലിനു സമീപം  പഴക്കടയില്‍ നിന്നും പണം കവര്‍ന്ന സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇറാനിയന്‍ സ്വദേശികളെ മയ്യില്‍ പൊലീസ് കടയിലെത്തിച്ച് തെളിവെടുത്തു. ഇറാനിയന്‍ സ്വദേശികളായ മാജിദ്, മുഹ്സിന്‍ എന്നിവരെയാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മയ്യില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനു കൊണ്ടു വന്നത്. 

കഴിഞ്ഞ എട്ടിനു രാത്രിയിലാണ് പഴക്കട വ്യാപാരി ശ്രീനിവാസന്റെ കടയില്‍ നിന്നും 80,000ത്തോളം രൂപ കവര്‍ന്നെടുത്തത്. കാറിലെത്തിയ നാലംഗ സംഘത്തിലെ രണ്ടു പേര്‍ കയിലെത്തി പഴം വാങ്ങി ഡോളര്‍ നല്‍കി. ഡോളര്‍ സ്വീകരിക്കില്ലെന്ന് സെയില്‍സ്മാന്‍ അറിയിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് പോയ ഇവര്‍ വീണ്ടും കടയിലെത്തുകയും സെയില്‍സ്മാന്റെ കണ്ണുവെട്ടിച്ച് മേശവലിപ്പില്‍ നിന്നും പണം കലരുകയുമായിരുന്നു. 

മയ്യില്‍ പൊലീസില്‍ പരാതി നല്‍കി പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമീപം ഉള്ള ഒരു ഹോട്ടലില്‍ ഇവര്‍ ഭക്ഷണം കഴിക്കുന്നതിന്റെയും, ഇവര്‍ എത്തിയ കാറിന്റെയും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ 13നു തിരുവനന്തപുരത്ത് കവര്‍ച്ചശ്രമത്തിനിടെ ഇറാനിയന്‍ സ്വദേശികള്‍ പിടിയിലായ വാര്‍ത്ത വന്നത്. ഇവരാണ് സംഭവത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.

 ചേര്‍ത്തലയില്‍ ഒരു കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് തിരുവനന്തഷുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ഇറാനിയന്‍ സ്വദേശികളെ പഴകടയില്‍ കൊണ്ടു വന്നപ്പോള്‍ സെയില്‍സ്മാന്‍ മിഥിലാജ് പ്രതികളെ തിരിച്ചറിഞ്ഞു.

Previous Post Next Post