അതിർത്തികളടച്ച് ഗൾഫ് രാജ്യങ്ങൾ; വിമാന സർവീസുകളുണ്ടാകില്ല, പ്രതിസന്ധിയിലായി പ്രവാസികൾ


റിയാദ് :- 
ബ്രിട്ടനിൽ അതിവേഗം പടരുന്ന കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ അതിർത്തികളടച്ചു. സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവിൽ അതിർത്തികടച്ചിട്ടുള്ളത്. ഇതേ തുടർന്ന് നാട്ടിലേക്ക് മടങ്ങാനും ജോലി സ്ഥലങ്ങളിലേക്ക് പോകാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികൾ വിവിധയിടങ്ങളിൽ കുടുങ്ങി.

അതേസമയം യുഎഇ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ നിലവിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ യുകെയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്

വിമാന സർവീസുകൾക്ക് പുറമെ കര, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകളും ഈ രാജ്യങ്ങൾ റദ്ദാക്കിയിട്ടുണ്ട്. കുവൈത്തിൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ തന്നെ ആരംഭിക്കും. ജനുവരി ഒന്നുവരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

സൗദി അറേബ്യയിലും ഒമാനിലും ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചിട്ടുള്ളത്. ഒമാനിൽ ചൊവ്വാഴ്ച പകൽ പ്രാദേശിക സമയം ഒരു മണി മുതൽ നിയന്ത്രണം പ്രബാല്യത്തിൽ വരും.

നിരവധി രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ, പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വൈറസിനെ കുറിച്ചുള്ള വിവരങ്ങളിൽ വ്യക്തത വരുന്നത് വരെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നാണ് സൗദി അറേബ്യ പ്രസ്താവനയിൽ അറിയിച്ചത്.

സൗദി സർക്കാരിന്റെ നിർദേശം പരിഗണിച്ച് വിമാന സർവീസുകൾ റദ്ദാക്കിയതായി യുഎഇയിലെ വിമാന കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇത് സൗദി അറേബ്യയിലേക്ക് പോകാനിരുന്ന നിരവധി മലയാളികൾക്ക് തിരിച്ചടിയായി. ഇന്ത്യയിൽ നിന്ന് നിലവിൽ സൗദിയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാൽ യുഎഇ വഴിയായിരുന്നു സൗദി പ്രവാസികൾ പോയിരുന്നത്. ഇത്തരത്തിൽ യുഎഇയിലെത്തിയവർ അവിടെ കുടുങ്ങി കിടക്കുകയാണ്.

ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് അറിയിച്ചത്.

ആദ്യവൈറസിനെക്കാൾ 70 ശതമാനമധികം വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

നിലവിൽ അംഗീകാരം നൽകിയ വാക്സിനുകൾ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്ട്രേലിയയിലും ഡെൻമാർക്കിലും നെതർലാൻഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ലു.എച്ച്.ഒ.) അറിയിച്ചു.

.

Previous Post Next Post