ഇരിട്ടി :- പോളിങ്ങിന് ഒരാഴ്ച മാത്രം ശേഷിക്കെ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇരുമുന്നണികളും ബി.ജെ.പി.യും പ്രചാരണം ശക്തമാക്കി. 21-ന് നടക്കുന്ന വോട്ടിങ്ങിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടവും തുടങ്ങി. സ്വതന്ത്രരടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ആറളം, തില്ലങ്കേരി പഞ്ചായത്ത് വാർഡുകൾ പൂർണമായും അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളും പായം പഞ്ചായത്തിലെ രണ്ട് വാർഡും മുഴക്കുന്ന് പഞ്ചായത്തിന്റെ ഏഴ് വാർഡുകളും ചേർന്നതാണ് ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ.
ആറളം പഞ്ചായത്തിൽ ഇരുമുന്നണികളും എട്ടുവീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പമാണ്. തില്ലങ്കേരിയിൽ 13 വാർഡുകളിൽ ഒമ്പതെണ്ണം എൽ.ഡി.എഫിനും രണ്ട് വാർഡുകൾ വീതം യു.ഡി.എഫിനും ബി.ജെ.പി.ക്കുമാണ്. പായം പഞ്ചായത്തിലെ രണ്ട് വാർഡുകളും എൽ.ഡി.എഫിന്റെ കൈകളിലാണ്. മുഴക്കുന്നിലെ ഏഴു വർഡുകളിൽ ആറും എൽ.ഡി.എഫിനാണ്. ഒന്ന് ബി.ജെ.പി.ക്കും.
അയ്യൻകുന്നിൽ യു.ഡി.എഫിനാണ് മേൽക്കൈ. വാർഡ് അടിസ്ഥാനത്തിലും ആകെ വോട്ടിലും എൽ.ഡി.എഫിന് മേൽക്കൈ ഉണ്ടെങ്കിലും കഴിഞ്ഞതിൽ നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫാണ് വിജയിച്ചത്. 285 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫിന്റെ വിജയം. കഴിഞ്ഞതവണയിലെ പോരായ്മകളും വീഴ്ചകളും തിരുത്തി തില്ലങ്കേരി പിടിക്കാൻ എൽ.ഡി.എഫ്. കളത്തിലിറക്കിയിരിക്കുന്നത് സി.പി.എം. മുൻ ഏരിയാ സെക്രട്ടറി അഡ്വ. ബിനോയി കുര്യനെയാണ്.
തില്ലങ്കേരി കൈവിട്ടുപോകാതെ ചേർത്തുനിർത്താൽ യു.ഡി.എഫും ശക്തമായി നിലകൊണ്ടതോടെ പ്രചാരണം ശക്തമായി. വിദ്യാർഥിനിയായ ലിൻഡ ജെയിംസിനെ കളത്തിലറക്കിയാണ് യു.ഡി.എഫ്. പ്രചാരണം കൊഴുപ്പിക്കുന്നത്. ബി.ജെ.പി.ക്കും നിർണായകമായ വോട്ട് ബാങ്ക് ഉള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിവിഷനിൽ കരുത്തുകാട്ടാൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശിനെയാണ് നിയോഗിച്ചിരിക്കുന്നത്. യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ജോർജ്‌കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതും ലിൻഡ ജെയിംസ് സ്ഥാനാർഥിയായി രംഗത്തെത്തുന്നതും
43 കാരനായ ബിനോയി കുര്യന് ജനഹിത പരിശോധനയിൽ ഇത് മൂന്നാം അങ്കമാണ്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം, ആറളം ഫാം വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡന്റ് എന്നീ നിലകളിലും പ്രവൃത്തിക്കുന്നു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്. മണിക്കടവ് സ്വദേശിയായ ബിനോയി കുര്യൻ ബി.എ., എൽ.എൽ.ബി. ബിരുദധാരിയാണ്. പൊതു പര്യടന പരിപാടി വ്യാഴാഴ്ച തില്ലങ്കേരിയിൽനിന്ന് തുടങ്ങും.
22-കാരി ലിൻഡ ജെയിംസ് ആദ്യമായാണ് മത്സരിക്കുന്നത്. എം.ബി.എ. ബിരുദധാരിയായ ലിൻഡ ആറളം മാങ്ങോട് സ്വദേശിനിയാണ്. പ്രചാരണരംഗത്ത് തുടക്കക്കാരിയാണെന്ന് തോന്നിക്കാത്തവിധം പാട്ടുപാടിയും രാഷ്ട്രീയത്തിൽ യുവാക്കാളുടെ പങ്ക് വ്യക്തമാക്കിയുമുള്ള പ്രചാണവുമായാണ് മുന്നേറുന്നത്. വാർഡുതല പ്രചാരണ പരിപാടി കരിക്കോട്ടക്കരിയിൽനിന്ന് തുടങ്ങി. യു.ഡി.എഫ്. നേതാവ് പി.ജെ.ജോസഫ് ഉദ്ഘാടനംചെയ്തു.
ബി.ജെ.പി. ജില്ലാ സെക്രട്ടറിയായ കൂട്ട ജയപ്രകാശ് ആർ.എസ്.എസ്., ജനസംഘം എന്നിവയിലൂടെയാണ് ബി.ജെ.പി.യിൽ സജീവമായത്. പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 15 വർഷം ട്രസ്റ്റി ബോർഡ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. മണത്തണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. ആറാം തവണയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജില്ലാ കൗൺസിലിൽ മാലൂർ ഡിവിഷൻ, പേരാവൂർ പഞ്ചായത്ത് മണത്തണ വാർഡ്, തളിപ്പറമ്പ് നിയോജക മണ്ഡലം, ജില്ലാ പഞ്ചായത്ത് കോളയാട് ഡിവിഷൻ എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കി