എരമംഗലം (മലപ്പുറം) :- ഭൂരിപക്ഷം വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മാറഞ്ചേരി, വന്നേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളുകൾ അടച്ചു. ഞായറാഴ്ചയാണ് ഇരു സ്‌കൂളുകളിലെയും ആർ.ടി.പി.സി.ആർ. ഫലം വന്നത്.
മാറഞ്ചേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ച പത്താംക്ളാസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും സാംപിൾ പരിശോധനയ്ക്കായി എടുത്തിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പരിശോധനാഫലം പുറത്തുവന്നത്. ഇതിൽ മാറഞ്ചേരി സ്‌കൂളിൽ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും വന്നേരി സ്‌കൂളിൽ 40 അധ്യാപകർക്കും 36 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരിൽ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും തൃശ്ശൂർ ജില്ലയിലെ വടക്കേകാട് മേഖലയിലുമുൾപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാർഥികളുള്ളതിനാൽ ഈ മേഖലകൾ സമൂഹവ്യാപന ഭീതിയിലാണ്. മാറഞ്ചേരി സ്‌കൂളിലെ പ്ലസ്‌ടു വിഭാഗത്തിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സാംപിൾ പരിശോധനയ്ക്ക് ഇതുവരെ എടുത്തിട്ടില്ല. ഇവിടെ 800-ൽ അധികം വിദ്യാർഥികളുണ്ട്. തിങ്കളാഴ്ച സാംപിൾ എടുക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.