കണ്ണാടിപ്പറമ്പ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ കമാനം സാമൂഹ്യദ്രോഹികൾ നശിപ്പിച്ച നിലയിൽ
കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ കമാനം സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു. സ്റ്റെപ്പ്റോഡിൽ സ്ഥാപിച്ചിരുന്ന കമാനം കഴിഞ്ഞ ജനുവരി 8ന് നടന്ന വാഹനാപകടത്തിൽ തകർന്നിരുന്നു. ഇതു വീണ്ടും പുനർനിർമ്മിക്കുന്ന പ്രവർത്തി നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്. ഇതോടെ ക്ഷേത്രത്തിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംഭവത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മയ്യിൽ പൊലീസിൽ പരാതി നൽകി. മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കാൻ കാരണമാകുന്ന സാമൂഹ്യ ദ്രോഹികളുടെ ഇത്തരം നീചമായ പ്രവർത്തികൾക്കെതിരെ പൊലീസ് നടപടികൾ കർശനമാക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു.