റിട്ട. അധ്യാപകന്റെ മരണത്തിനിടയാക്കിയ കാർ കണ്ടെത്താൻ കഴിഞ്ഞില്ല
മയ്യിൽ: രാവിലെ നടക്കാനിറങ്ങിയ റിട്ട. അധ്യാപകനെ ഇടിച്ച് മരണത്തിനിടയാക്കിയ കാർ കണ്ടെത്താനായില്ല. ചെക്യാട്ട് കാവിന് സമീപം താമസിക്കുന്ന ഊരട ബാലകൃഷ്ണൻ (74) ആണ് ഇന്നലെ രാവിലെ അഞ്ചു മണിയോടെ മയ്യിൽ പെട്രോൾ പമ്പിന് സമീപം കാറിടിച്ച് മരിച്ചത്. നിർത്താതെ പോയ കാർ കണ്ടെത്താൻ മയ്യിൽ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും 20 ഓളം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും വ്യക്തമായ ദൃശ്യം ലഭിച്ചില്ല. സംഭവം നടന്നത് പുലർച്ചെയായതിനാൽ കാറിന്റെ നമ്പറും നിറവും ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ന് മുല്ലക്കൊടി ഭാഗത്തെയും തളിപ്പറമ്പ് ഭാഗത്തെയും നിരീക്ഷണ ക്യാമറകൾ പരിശോധനക്ക് വിധേയമാക്കും. മോട്ടോർ വാഹനവകുപ്പിന്റെ സഹായവും തേടും.