'ഫസ്റ്റ്‌ബെൽ 2.0' ഡിജിറ്റൽ പ്രവേശനോത്സവം നാളെ ; ആശങ്കകൾക്കിടയിലും മഹാമാരിക്കിടയിൽ ഒരു വിദ്യാലയ വർഷം കൂടി സമാരംഭമാവുന്നു


തിരുവനന്തപുരം :- 
സ്‌കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈവർഷം വെർച്വൽ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്. ജൂൺ ഒന്നിന് രാവിലെ 10 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണി മുതൽ സ്‌കൂൾതല പ്രവേശനോത്സവചടങ്ങുകൾ വെർച്വലായി ആരംഭിക്കും. ജനപ്രതിനിധികളും പ്രഥമാധ്യാപകരും ആശംസകൾ നേരും. കുട്ടികളെ സകുടുംബം പരിപാടികളുടെ ഭാഗമാക്കും.

സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.

രാവിലെ 11 മുതൽ യു.എൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡൈ്വസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് മണിവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

ജൂൺ രണ്ട് മുതൽ നാലു വരെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനുള്ള അവസരം നൽകാനാണ് ആദ്യ ആഴ്ചകളിലെ ട്രയൽ സംപ്രേഷണം. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ.

മുൻവർഷത്തെ ക്ലാസുകൾ ആവശ്യമായ ഭേദഗതി വരുത്തി കൂടുതൽ ആകർഷകമായിട്ടാകും ഈ വർഷത്തെ സംപ്രേഷണം. ആദ്യ ആഴ്ചയിൽ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനുതകുന്ന ക്ലാസുകളും മുൻവർഷ പഠനത്തെ പുതിയ ക്ലാസുകളുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളുമായിരിക്കും നൽകുക.

ഡിജിറ്റൽ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് വിവിധ സർക്കാർ പൊതുമേഖലാ ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ഇടപെടലിലൂടെ ഡിജിറ്റൽ ക്ലാസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ജൂലൈ മുതൽ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ ക്ലാസുകളും ഈ വർഷവും firstbell.kite.kerala.gov.in പോർട്ടലിൽത്തന്നെ ലഭ്യമാക്കും. സമയക്രമവും പോർട്ടലിൽ ലഭ്യമാക്കും.


Previous Post Next Post