വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടുലക്ഷം നല്‍കിയ കണ്ണൂർ സ്വദേശി ചാലാടന്‍ ജനാര്‍ദനന് മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണം


കണ്ണൂര്‍ :- 
മരുന്നുകഴിച്ച്, റേഡിയോയിലെ പാട്ടുംകേട്ട് ചെറിയ മയക്കത്തിലിരിക്കുമ്പോഴാണ് ചാലാടന്‍ ജനാര്‍ദനന് മുഖ്യമന്ത്രിയുടെ കത്ത് എത്തിയത്. കരുതിവച്ചതെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി പകുത്തുനല്‍കിയ കുറുവയിലെ ജനാര്‍ദനനെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത്. 'മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം. സംസാരിക്കണം.. .എല്ലാവരും  കൊതിക്കുന്നതാ.. കോവിഡൊക്കെ മാറട്ടെ എന്നിട്ട് കാണാം'  എന്നുപറയുമ്പോഴും തന്നെ ക്ഷണിച്ചതിലുള്ള  അമ്പരപ്പ് ജനാര്‍ദനന് മാറിയിട്ടില്ല.  (കൊളച്ചേരി വാർത്തകൾ Online)

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അതിഥിയായി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയുകയെന്നത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ല. വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ നല്‍കിയത് വലിയ കാര്യായിട്ട് ഇതുവരെ തോന്നിയിട്ടില്ലെന്നും ജനാര്‍ദനന്റെ പ്രതികരണം.   

ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ്  ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്. കണ്ണൂരില്‍നിന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ടി പത്മനാഭന്‍, എം മുകുന്ദന്‍ എന്നിവര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മേയര്‍ ടി ഒ മോഹനന്‍, അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷിടീച്ചര്‍, ഇ കെ നായനാരുടെ ഭാര്യ ശാരദടീച്ചര്‍, ചടയന്‍ ഗോവിന്ദന്റെ ഭാര്യ ദേവകി എന്നിവര്‍ക്കും ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. (കൊളച്ചേരി വാർത്തകൾ Online)

Previous Post Next Post