കണ്ണൂർ: - കണ്ണൂർ ജില്ലയിലെ മേലെ ചൊവ്വ സ്വദേശിയായ എ കെ ശശീന്ദ്രന് രണ്ടാമൂഴത്തിലും മന്ത്രി പദവി.
കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ നിന്ന് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഹാട്രിക്ക് വിജയവുമായി നിയമസഭയിലെത്തിയ എ കെ ശശീന്ദ്രനെ മന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചു. എന്‍സിപി - സിപിഎം നേതൃത്വവുമായുളള അടുത്ത ബന്ധമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മന്ത്രിപദം ഉറപ്പാക്കുന്നതിലും ശശീന്ദ്രന് നേട്ടമായത്.
കണ്ണൂർ സ്വദേശിയായ എ.കെ ശശീന്ദ്രൻ കെഎസ്‍യുവിലൂടെയാണ് പൊതുരംഗത്തത്തുന്നത്.യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതാവായിരിക്കെയാണ് എന്‍സിപിയിലേക്കുളള ചുവടുമാറ്റം. നിയമസഭയിൽ എത്തുന്നത് ഇത് ആറാം തവണ.
1980ൽ പെരിങ്ങളത്തു നിന്നും 1982ൽ എടക്കാട്നിന്നും 2006ൽ ബാലുശ്ശേരിയിൽ നിന്നും നിയമസഭാംഗമായ ശശീന്ദ്രന്‍ ഇക്കുറി എലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത് അതും എന്‍സികെയിലെ സുള്‍ഫിക്കര്‍ മയൂരിയെ പരാജയപ്പെടുത്തിയത് 37000 ത്തിലേറെ വോട്ടിന്. ആദ്യ പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായ ശശീന്ദ്രന് പെൺകെണി കേസിൽ ആരോപണ വിധേയനായി മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നെങ്കിലും ഒരു വർഷത്തിന് ശേഷം അതേസ്ഥാനത്ത് തിരിച്ചെത്തി. 4500 കോടി രൂപയുടെ ഇ മൊബിലിറ്റി കരാറില്‍ കടുത്ത ആരോപണം നേരിടേണ്ടി വന്നെങ്കിലും മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിച്ച് ശശീന്ദ്രന്‍ വിവാദങ്ങളില്‍ നിന്ന് തലയൂരി.
പാല സീറ്റിനെച്ചൊല്ലി മാണി സി കാപ്പന്‍ ഇടഞ്ഞപ്പോള്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നു. ഒടുവില്‍ എലത്തൂരില്‍ വീണ്ടും ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പരസ്യ പ്രതിഷേധമുയര്‍ത്തിയെങ്കിലും പാര്‍ട്ടി നേതൃത്വം തുണച്ചു. പാര്‍ട്ടി നേതൃത്വവും മുന്നണി നേതൃത്വവും ഒരുപോലെ കനിഞ്ഞതോടെ രണ്ടാം പിണറായി മന്ത്രിസഭയിലും എ.കെ ശശീന്ദ്രന് ഇടം ഉറപ്പായി.
1980ൽ കോൺഗ്രസ്(യു)വിലൂടെ എൽഡിഎഫിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ് എസിന്റെയും തുടർന്ന് എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറി.
കേരള ഭവന വികസന ബോർഡ്, സാക്ഷരത സമിതി ഗവേണിങ് ബോഡി, കോഫി ബോർഡ് എന്നിവയിൽ അംഗമായിരുന്നു. കണ്ണൂർ ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറിയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
എ കുഞ്ഞമ്പുവിന്റെയും എം കെ ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് ജനിച്ചു.
ഭാര്യ :- അനിത കൃഷ്‌ണൻ. മകൻ:വരുൺ(ഇന്ത്യൻ ഓയിൽ കോർപറേഷൻ).
മുരമകൾ: ഡോ. സോന.