എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂർ: - ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഇതിന്റെ വിശദാംശങ്ങൾ തേടിയാണ് പരിശോധന.

ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽനിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.

യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ റെയ്ഡ്.

Previous Post Next Post