സ്വർണ്ണാഭരണങ്ങളിൽ ഹാൾമാർക്കിങ് ഇന്നുമുതൽ പ്രാബല്യത്തിൽ

ബി.ഐ.എസ്. ലൈസൻസ് എടുക്കാൻ ഒരു മാസം സാവകാശം


കൊച്ചി: - 
സ്വർണാഭരണങ്ങൾക്കുള്ള ഹാൾമാർക്കിങ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ. ഇനി 14, 18, 22 കാരറ്റിലുള്ള സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാൻ സാധിക്കുകയുള്ളു. അതേസമയം, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ബി.ഐ.എസ്. ലൈസൻസ് എടുക്കാനുള്ളവർക്ക് ഒരു മാസത്തെ സമയം അനുവദിക്കാനും ഇക്കാലയളവിൽ ഇവർക്കെതിരേ മറ്റ് യാതൊരു നടപടികളും പാടില്ലെന്ന വ്യവസ്ഥയിലും ഹൈക്കോടതി ഉത്തരവിറക്കി. 

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ.) അഞ്ച് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഹാൾമാക്കിങ്‌ നിർബന്ധമാക്കൽ പ്രഖ്യാപനത്തിന് മുൻപുതന്നെ കേരള വിപണിയിൽ വിൽക്കപ്പെട്ടിരുന്ന 80 ശതമാനം സ്വർണാഭരണങ്ങളും ഹാൾമാർക്ക് ചെയ്തവയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഹാൾമാർക്കിങ് സെന്റർ കേരള ചാപ്റ്റർ അറിയിച്ചു.കേരളത്തിൽ 75-ഓളം ബി.ഐ.എസ്. അംഗീകൃത ഹാൾമാർക്കിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

Previous Post Next Post