റോഡ് വികസനം ; മട്ടന്നൂർ ജങ്‌ഷനിലെ കടകൾ പൊളിച്ചുനീക്കിയില്ല

 

മട്ടന്നൂർ ജങ്‌ഷനിലുള്ള പകുതി പൊളിച്ചതും പൊളിച്ചുനീക്കാനുള്ളതുമായ കടകൾ

മട്ടന്നൂർ: തലശ്ശേരി-വളവുപാറ റോഡ് വികസനപ്രവൃത്തിയുടെ ഭാഗമായി മട്ടന്നൂർ ജങ്‌ഷനിൽ പൊളിച്ചുനീക്കാൻ ഇനിയും കടകൾ ബാക്കി. ഇവ പൊളിക്കാൻ ഏറെക്കാലമായിട്ടും നടപടിയായില്ല. ഇതിന് സമീപത്തുള്ള കെട്ടിടമാകട്ടെ പകുതി പൊളിച്ച് ഷീറ്റും മറ്റും കൊണ്ട് മറച്ചനിലയിലാണ്. കടകൾ ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭ്യമാക്കാത്തതിനാൽ കടയുടമകളും ദുരിതത്തിലാണ്.

റോഡ് വികസനത്തിനുവേണ്ടി ഏറ്റെടുത്ത കടയാണ് പകുതി പൊളിച്ചനിലയിലുള്ളത്. ഇതിന്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് തള്ളിയിട്ട് വർഷങ്ങളായി. വർഷങ്ങൾക്ക് മുമ്പ് കുറഞ്ഞ തുക നഷ്ടപരിഹാരം നൽകി കടകൾ ഏറ്റെടുക്കാൻ കെ.എസ്.ടി.പി. നോട്ടീസ് നൽകിയപ്പോൾ ഈ കടയുടമകൾ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. തുടർന്ന് കടകൾ വീണ്ടും ഏറ്റെടുക്കാനായി നോട്ടീസ് നൽകി. എല്ലാവിധ രേഖകളും ഹാജരാക്കിയിട്ടും നഷ്ടപരിഹാരം നിശ്ചയിക്കാനോ ഏറ്റെടുക്കാനോ നടപടിയുണ്ടാവുന്നില്ല.

മട്ടന്നൂർ ജങ്‌ഷനിലെ റോഡ് വികസനം പൂർത്തിയാകണമെങ്കിൽ ഈ കെട്ടിടങ്ങൾ പൊളിച്ചുനീക്കണം. ഇതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ കെ.എം.ദേവരാജ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.

Previous Post Next Post