യുറോ കപ്പ് ; മാസിഡോണിയക്കെതിരെ ഉക്രയിന് ജയം


മോസ്കോ :-  യൂറോ കപ്പിൽ വടക്കൻ മാസിഡോണിയയുടെ പോരാട്ടവീര്യത്തെ മറികടന്ന് ആന്ദ്രെ ഷെവ്ചെങ്കോയുടെ യുക്രൈന് ആദ്യ ജയം. ആദ്യാവസാനം ആവേശം തുളുമ്പി നിന്ന പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു യുക്രൈന്റെ ജയം. 29-ാം മിനിറ്റിൽ‌ ക്യാപ്റ്റൻ ആന്ദ്രെ യാർമൊലെങ്കോയിലൂടെ മുന്നിലെത്തിയ യുക്രൈൻ അഞ്ച് മിനിറ്റിനകം രണ്ടാം ​ഗോളും നേടി. യാർമൊലെങ്കോയുടെ പാസിൽ നിന്നാണ് യുക്രൈന്റെ ലീഡുയർത്തിയത്.

രണ്ട് ​ഗോൾ വീണിട്ടും മിന്നലാക്രമണങ്ങളുമായി യുക്രൈനെ ഇടക്കിടെ വിറപ്പിച്ച മാസിഡോണിയ 39-ാം മിനിറ്റിൽ ​ഗോരെൻ പാണ്ഡെവിലൂടെ യുക്രൈൻ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. 57ാം മിനിറ്റിൽ പെനൽറ്റിയിലൂടെ എസ്ജാൻ അലിയോസ്കിയാണ് മാസഡോണിയക്കായി ഒരു ​ഗോൾ മടക്കിയത്. യുക്രൈൻ ​ഗോൾ കീപ്പർ ജോർജി ബുഷാൻ മാസിഡോണിയൻ നായകൻ ഗൊരാൻ പാണ്ഡേവിനെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് ബുഷാൻ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ​അലിയോസ്കി അത് ​ഗോളാക്കി മാറ്റി.

​ഗോൾ കീപ്പർ സ്റ്റോളെ ദിമിത്രിയേവ്സികയുടെ മിന്നും സേവുകളാണ് മാസിഡോണിയയെ മത്സരത്തിൽ നിലനിർത്തിയത്. യുക്രൈന്റെ ​ഗോളന്നുറച്ച അര ഡസനോളം അവസരങ്ങളാണ് ദിമിത്രിയോവ്സ്കി അവിശ്വസനീയമായി രക്ഷപ്പെടുത്തിയത്.

ഒടുവിൽ 82-ാം മിനിറ്റിൽ പെനൽറ്റി ബോക്സിനകത്തുവെച്ച് ഡാനിയേൽ അവ്രാമോസ്കിയുടെ കൈയിൽ പന്ത് തട്ടിയതിന് വാറിലൂടെ യുക്രൈന് അനുകൂലമായി ലഭിച്ച പെനൽറ്റി കിക്കും രക്ഷപ്പെടുത്തി ദിമിത്രിയോവ്സ്കി തോൽവിയിലും തല ഉയർത്തി നിന്നു. യുക്രൈനായി മലിനോവ്സ്കി എടുത്ത സ്പോട്ട് കിക്കാണ് ദിമിത്രിയോവ്സ്കി തട്ടിയകറ്റിയത്.

ആദ്യ മത്സരത്തിൽ പൊരുതി കളിച്ചിട്ടും ഹോളണ്ടിനോട് തോറ്റ യുക്രൈന് മാസിഡോണിയക്കെതിരായ ജയത്തോടെ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താനായി. യുക്രൈനായി ആദ്യ മത്സരത്തിലും ​ഗോൾ നേടിയ  യാർമൊലെങ്കോയും  യാരംചുക്കും തുടർച്ചയായ രണ്ടാം മത്സരത്തിലും ​ഗോൾ നേടി യൂറോയിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരങ്ങളായി.

Previous Post Next Post