തേറളായി ദ്വീപിൽ കരയിടിച്ചിൽ രൂക്ഷം


തളിപ്പറമ്പ്: കാലവർഷം തുടങ്ങിയതോടെ തേറളായി ദ്വീപിൽ കരയിടിച്ചൽ രൂക്ഷമായി. ചെങ്ങളായി പഞ്ചായത്തിൽ നാലു ഭാഗവും വളപട്ടണം പുഴകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് ഇത്. പ്രകൃതി രമണീയമായ ഈ കൊച്ചു ദ്വീപ് പ്രദേശത്തിന്റെ ആകെ വിസ്തീർണം 198 ഏക്കറാണ്.

2005ലാണ് ദ്വീപിനെ മറുകരയുമായി ബന്ധപ്പിച്ചു പാലം പണിതത്. അതുവരെ കടത്തു തോണിയാ യിരുന്നു ഇവിടെ താമസിച്ചിരുന്നവർക്ക് ആശ്രയം. 140 ഓളം കുടുംബങ്ങൾ ഇവിടെ താമസിച്ചു വരുന്നുണ്ട്. ഭൂരിഭാഗവും കർഷകരും മറ്റു കൂലിവേല ചെയ്തു ജീവിക്കുന്നവരുമാണ്.

രൂക്ഷമായ കരയിടിച്ചിൽ കാരണം നാട്ടുകാർ ഭയപാടിലായിരിക്കുകയാണ്. കരയിടിഞ്ഞ രണ്ട് ഭാഗങ്ങളിൽ നേരത്തെ കരിങ്കൽ ഭിത്തി പണിതിരുന്നു. മറ്റു അഞ്ച് ഭാഗങ്ങളിൽ കരിങ്കൽ ഭിത്തി നിർമ്മാണത്തിന് മുൻ എം. എൽ. എ കെ.സി ജോസഫിന്റെ അപേക്ഷയെ തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഭരണാനുമതി ആയിട്ടില്ല.

ഈ വർഷകാലത്തും തേറളായിയുടെ പുഴയോര കരയിടിച്ചൽ രൂക്ഷമായതോടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് തദ്ദേശവാസികൾ. കുന്നിൽ കമാൽ എന്നയാളുടെ വീട് അപകട ഭീഷണിയിലാണ്.

എത്രയും പെട്ടെന്ന് കരയിടിഞ്ഞ ഭാഗങ്ങളിൽ ഭിത്തി നിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ മുസാൻകുട്ടി  മുഖ്യമന്ത്രിക്കും എം .എൽ.എ അഡ്വ. സജീവ് ജോസഫിനും നിവേദനം നൽകിയിട്ടുണ്ട്.

Previous Post Next Post