പറശ്ശിനിക്കടവ് :- സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഭാഗികമായി തുറക്കാൻ തീരുമാനമായതോടെ പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രവും നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച തുറന്നു. കനത്ത മഴയായിട്ടും പാർക്ക് തുറക്കുന്നത് അറിഞ്ഞ് സന്ദർശകർ രാവിലെമുതൽ എത്തിത്തുടങ്ങിയിരുന്നു.
രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവേശനസമയം. കഴിഞ്ഞ ഏപ്രിൽ 22 മുതലാണ് രണ്ടാം കോവിഡ് വ്യാപനത്തിൻ ഭാഗമായി പാർക്ക് അടച്ചിട്ടത്. ഈ കാലയളവിൽ ചേര, മുഴമൂക്കൻ കുഴിമണ്ഡലി, കുരങ്ങ്, അണലി തുടങ്ങിയ ജന്തുജാലങ്ങൾ പുതിയ തലമുറകൾക്ക് ജന്മം നൽകിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളോടെ മണിക്കൂറിൽ 50 പേർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. രണ്ട് ഘട്ടമായുള്ള ലോക്ഡൗണിൽ സ്‌നേക് പാർക്കിന്റെ പ്രവർത്തനം കാര്യമായി തടസ്സപ്പെട്ടെങ്കിലും ജീവികളുടെ സംരക്ഷണത്തിൽ കൃത്യമായ ശ്രദ്ധ ചെലുത്താൻ സാധിച്ചതായാണ് പാർക്ക് അധികൃതർ അവകാശപ്പെടുന്നത്.
പാമ്പുവളർത്തുകേന്ദ്രം തുറന്നെങ്കിലും പറശ്ശിനിക്കടവ് വിനോദസഞ്ചാരമേഖലയിലെ വിസ്മയ പാർക്കും പറശ്ശിനിക്കടവ് ബോട്ട് സർവീസും ഇനിയും തുടങ്ങിയിട്ടില്ല.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിക്കുന്ന മുറയ്ക്ക് അവയും തുറന്നുകൊടുത്താൽ മാത്രമേ പറശ്ശിനി വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ് ലഭിക്കൂ