നിർമാണത്തിൽ അപാകതകൾ കണ്ടെത്തിയ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിൻ്റെ അറ്റകുറ്റപണികൾക്ക് തുടക്കമായി




പാപ്പിനിശ്ശേരി :-
നിർമാണത്തിൽ നിരവധി അപാകതകൾ കണ്ടെത്തിയ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന്റെ തൂണുകളിലെ  അറ്റക്കുറ്റപ്പണികൾക്ക് തുടക്കമായി. മേൽപ്പാലത്തിന്റെ ചില തൂണുകളിലാണ് ചെറിയ വിള്ളലുകൾ കണ്ടെത്തിയത്. പാലത്തിന്റെ സ്ലാബുകൾ ചേർത്ത് നിർത്തിയ മൂന്ന്‌ തൂണുകളിലാണ് നിലവിൽ അറ്റക്കുറ്റപ്പണി നടക്കുന്നത്. ആഴ്ചകളായി നടക്കുന്ന പ്രവൃത്തികൾ ഇപ്പോഴും തുടരുകയാണ്.

ചെറിയ വിള്ളൽ കണ്ടെത്തിയ ഭാഗത്തെ കോൺക്രീറ്റ് പാളിയാകെ ഇളക്കിമാറ്റി അവിടെ വീണ്ടും ചെറിയ കമ്പികൾ ചേർത്തുവെച്ച് കോൺക്രീറ്റ് നിറച്ചാണ് തൂണിനെ പൂർവസ്ഥിതിയിലാക്കുന്നത്. ദേശീയപാതയിലെ വളപട്ടണം പാലത്തിന്റെ തൂണുകളിൽ മൂന്നുവർഷം മുൻപ് നടത്തിയ അറ്റകുറ്റപ്പണികൾക്ക് സമാനമായ രീതിയിലാണ് പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ തൂണുകളിലും നടക്കുന്നത്.

പാലം നിർമിച്ച കരാറുകാർ തന്നെയാണ് അറ്റക്കുറ്റപ്പണിയും നടത്തുന്നത്.പാപ്പിനിശ്ശേരി- പലാത്തറ കെ.എസ്.ടി.പി. റോഡിന്റെ കൺസൾട്ടൻസിയായ ഈജീസ് ഗ്രൂപ്പിന്റെ കീഴിൽ കരാറെടുത്ത ആർ.ഡി.എസ്. കമ്പനിയാണ് പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളും നിർമിച്ചത്. പാലാരിവട്ടം പാലമടക്കം നിർമിച്ച ആർ.ഡി.എസ്. ഇതിനകം സർക്കാരിന്റെ കരിമ്പട്ടികയിൽ ഇടംപിടിച്ച കമ്പനിയാണ്.

2013 ഏപ്രിലിൽ തുടക്കമിട്ട റോഡ് നവീകരണം പൂർത്തിയാക്കി 2018 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്. 120 കോടിയുടെ നവീകരണ പദ്ധതിയിൽ രണ്ട്‌ മേൽപ്പാലങ്ങളും ഉൾപ്പെടും. ഇതിൽ 40 കോടിയോളം രൂപയാണ് 550 മീറ്ററോളം ദൈർഘ്യമുള്ള പാപ്പിനിശ്ശേരി മേൽപ്പാലത്തിന് മാത്രം ചെലവഴിച്ചത്.

നിർമാണത്തിന്റെ അപാകം ഉദ്ഘാടനം ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വ്യക്തമായിരുന്നു. എക്സ്പാൻഷൻ ജോയിന്റുകളിലെ വിള്ളലും വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന വലിയ ഇളക്കവും നാട്ടുകാരിൽ തുടക്കത്തിൽ തന്നെ ആശങ്ക ഉയർത്തിയിരുന്നു. ഇത്തരം പരാതികൾ ശക്തമായി ഉയർന്നതോടെ നിർമാണത്തെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണവും സർക്കാർ പ്രഖ്യപിച്ചിരുന്നു. അന്വേഷണ നടപടികളും നിലവിൽ നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പാലം സന്ദർശിച്ച വിദഗ്‌ധരും നിർമാണത്തിലെ അപാകം ചൂണ്ടിക്കാണിച്ചിരുന്നു.

പാലം നിർമിച്ച കരാറുകാർക്ക് തന്നെയാണ് അടുത്ത അഞ്ചുവർഷത്തെ അറ്റക്കുറ്റപ്പണികളുടെ ഉത്തരവാദിത്വമെന്ന് കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എൻജീനിയർ പറഞ്ഞു. നിലവിൽ നടക്കുന്ന അറ്റക്കുറ്റപ്പണികൾ പാലം നിർമിച്ച കരാറുകാരുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post