സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കൊതുകു നിവാരണമാണ് ഏറ്റവും പ്രധാനം. 4 മാസം വരെയുള്ള ഗർഭിണികൾക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്.
അതിനാൽ തന്നെ 5 മാസം വരെ ഗർഭിണികളായവരിൽ പനിയുണ്ടെങ്കിൽ അവർക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.
എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക്ക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വർധിപ്പിക്കും. മെഡിക്കൽ കോളേജുകൾക്ക് പുറമേയുള്ള കേസുകൾ പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കും. സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും.
പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സിക്കയല്ലെന്ന് ഉറപ്പ് വരുത്തണം. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാനം നേരത്തെ മുതൽ ഡ്രൈ ഡേ ആചരിച്ചു വരുന്നത് ഈ സാഹചര്യത്തിൽ ഡ്രൈ ഡേ ശക്തിപ്പെടുത്തും.