വനിതാ ശിശുവികസന വകുപ്പ് ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന കാവല്‍ പ്ലസ് പദ്ധതിയുടെ നടത്തിപ്പിലേക്ക് ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തുന്ന അതിതീവ്രമായ പ്രശ്‌നങ്ങള്‍ നേരിടുന്ന, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സാമൂഹ്യ- മാനസിക പരിരക്ഷയും പിന്തുണയും നല്‍കി ശരിയായ സാമൂഹിക ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതിനും ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികള്‍ക്കായുള്ള സാമൂഹ്യ ഇടപെടല്‍ പദ്ധതി എന്ന ലക്ഷ്യത്തോടെയുമാണ് ജില്ലാ ശിശുസംരക്ഷണ യുണിറ്റുകളുടെ നേതൃത്വത്തില്‍ കാവല്‍ പ്ലസ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെയും സ്റ്റേറ്റ് നിര്‍ഭയ സെല്ലിന്റെയും ഏകോപനത്തോടു കൂടിയാണ് പദ്ധതി.
അപേക്ഷിക്കുന്ന സംഘടന 1955 ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ട് /1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്്/ 1882 ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതോ അല്ലെങ്കില്‍ എംഎസ്ഡബ്ല്യു, ബിഎസ്ഡബ്ല്യു കോഴ്‌സുകള്‍ നടത്തുന്ന അക്കാദമിക് സ്ഥാപനങ്ങളുടെ ഔട്ട്‌റീച്ച് സംവിധാനമോ ആയിരിക്കണം. സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ നിര്‍ബന്ധം. കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളതും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള സംഘടനകള്‍ക്കും അപേക്ഷിക്കാം. നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിലുണ്ടാവണം. പദ്ധതി ഏറ്റെടുത്ത് നടത്താനുള്ള സാമ്പത്തിക ഭദ്രത വേണം. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘടനകള്‍ അപേക്ഷിക്കേണ്ടതില്ല. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രഹസ്യമായിരിക്കണം. ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ബന്ധപ്പെട്ട സംഘടനയെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ നിന്നും അയോഗ്യരാക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമാണ്. കേസില്‍ ഉള്‍പ്പെട്ട കുട്ടികളെ സ്വാധീനിക്കുന്നതിനോ കേസ് ഒത്തുതീര്‍ക്കുന്നതിനോ ശ്രമിക്കരുത്.
താല്‍പര്യമുള്ള സംഘടനകള്‍ ജൂലൈ ഏഴിന് മുമ്പ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഓഡിറ്റ് സ്‌റ്റേറ്റ് ഓഫ് അക്കൗണ്ട്‌സ്, ഭരണ റിപ്പോര്‍ട്ട് എന്നിവ സഹിതം അപേക്ഷിക്കണം. വിലാസം- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, റൂം നമ്പര്‍ എസ് 6, തലശ്ശേരി-670104. ഫോണ്‍. 9645443653