മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയായി തന്നെ നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെ അത് പ്രകാശിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാവാത്തതാണ് കാരണം.
കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.2020 സെപ്തംബറിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തി 2021 ജനുവരിയിൽ പണികളെല്ലാം പൂർത്തിയായതാണ്.പക്ഷെ കെ എസ് ഇ.ബിയുമായി ബന്ധപ്പെട്ട ചില അനുമതികൾ പൂർത്തിയാവാത്തതിനാൽ മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും ലൈറ്റ് കത്താതെ തന്നെ നിൽക്കുകയാണ്.
വേളം ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഈ ലൈറ്റ് രാത്രി കാലങ്ങളിൽ കത്താൻ തുടങ്ങിയാൽ അത് ക്ഷേത്രവുമായി ബന്ധപ്പെട്ടവരും നാട്ടുകാർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജന പ്രദമാവും. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ട് ലൈറ്റ് കത്തിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.