വാഹനത്തിലിരുന്ന് ഭക്ഷണം കഴിക്കാവുന്ന സംവിധാനം മാങ്ങാട്ടു പറമ്പിൽ തുടങ്ങി

 



ധർമശാല
: ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്ക് വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി ഭക്ഷണം കഴിക്കാവുന്ന സംവിധാനം മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി. യൂണിറ്റിലും തുടങ്ങി. പറശ്ശിനിക്കടവ് വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സംവിധാനം കൂടുതൽ ആകർഷകമാകും. ദേശീയപാതയോരത്ത് മാങ്ങാട്ടുപറമ്പ് ഫോക്ക്‌ലാൻഡിൽ ഒരുക്കിയ പാർക്കിങ് ഏരിയ മറ്റു കെ.ടി.ഡി.സി. യൂണിറ്റിൽനിന്ന്‌ വ്യത്യസ്തമായി വിപുലമായ സൗകര്യങ്ങളാണുള്ളത്‌.


കോവിഡ് കാലത്ത് യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായ ഭക്ഷണം സ്വന്തം വാഹനത്തിൽവെച്ച് കഴിക്കാവുന്ന സൗകര്യം കൂടുതൽ സുരക്ഷിതമാണ്. ഓർഡർ നൽകിയാൽ കാറിൽതന്നെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന 'ഇൻ കാർ ഡൈനിങ്' സംസ്ഥാനത്തെ മറ്റു നിരവധി കെ.ടി.ഡി.സി. യൂണിറ്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്. കാറിൽനിന്ന്‌ കഴിക്കാൻ പ്രത്യേക ട്രേ സംവിധാനം ഒരുക്കിയിട്ടുണ്ട്.

മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി. യൂണിറ്റിലെ 'കാർ റസ്റ്റോറന്റ്' സംവിധാനം എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, കെ.ടി.ഡി.സി. മാർക്കറ്റിങ് ഡെപ്യൂട്ടി മാനേജർ കെ. സന്തോഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Previous Post Next Post