കൊവിഡ് യാത്രാ വിലക്ക്: മലേഷ്യയിലെ മലയാളികള്‍ ദുരിതത്തില്‍; വിസാ കാലാവധി കഴിഞ്ഞ നിരവധി പേര്‍ നാട്ടില്‍

 



ക്വാലാലംപൂര്‍:- കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണും യാത്രാവിലക്കും തുടരുന്ന മലേഷ്യയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ദുരിതത്തില്‍. 

നാട്ടിലേക്ക് വരാന്‍ പോലുമാവാതെ ആയിരക്കണക്കിന് മലയാളികള്‍ മലേഷ്യയില്‍ കഴിയുമ്പോള്‍ നാട്ടില്‍ വന്ന് തിരിച്ചുപോവാനാവാതെയും നിരവധി പേര്‍ ബുദ്ധിമുട്ടുന്നുണ്ട്. കൊവിഡിന്റെ ആദ്യതരംഗത്തില്‍ 2020 മാര്‍ച്ച് 18നാണ് മലേഷ്യയില്‍ ആദ്യ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 

ഇതോടെ വിമാന യാത്രകളും റദ്ദാക്കി. ഇതിനുശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് മലേഷ്യയിലേക്ക് പോവാനാവാതെ ബുദ്ധിമുട്ടുകയാണ്. 

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ നാട്ടിലെത്തിയവര്‍ക്കാവട്ടെ തിരിച്ചുപോവാനോ വിസ പുതുക്കാനോ കഴിയുന്നില്ല. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ തൊഴില്‍ വിസ സൗജന്യമായി പുതുക്കി നല്‍കുന്നുണ്ടെങ്കിലും മലേഷ്യയില്‍ ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കാത്തതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നു മലേഷ്യയിലെത്തുന്ന തൊഴിലാളികളില്‍ ബഹുഭൂരിഭാഗവും റസ്‌റ്റോറന്റ്, മിനി സൂപര്‍മാര്‍ക്കറ്റ് മേഖലകളിലാണ് തൊഴിലെടുക്കുന്നത്. 

ഭൂരിഭാഗവും മാസ ശമ്പളത്തില്‍ തൊഴിലെടുക്കുന്നവരാണ്.വലിയ ശമ്പളമൊന്നുമില്ലാത്ത ഇടത്തരം തൊഴിലാളികളോ വ്യാപാരികളോ ആയതിനാല്‍ തന്നെ കുടുംബ ബജറ്റ് തന്നെ താളം തെറ്റിയിരിക്കുകയാണ്. 

മാത്രമല്ല, ഒരു വര്‍ഷത്തെ വിസാ കാലാവധിയില്‍ 80 ശതമാനം പേരുടെയും കാലാവധി അവസാനിക്കുകയും ചെയ്തിട്ടുണ്ട്. മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷനില്‍ നാട്ടിലേക്കെത്താമെങ്കിലും നാട്ടില്‍ പോയാല്‍ എപ്പോള്‍ തിരിച്ചുവവരാന്‍ കഴിയുമെന്നതു സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും മലേഷ്യയില്‍ തന്നെ കഴിയുകയാണ്. 

മാത്രമല്ല, പലരും നാട്ടിലായതിനാല്‍ നിലവിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ജീവനക്കാര്‍ കുറവായതിനാല്‍ അവിടെ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. നാട്ടിലേക്ക് പോയാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് പലരും.

 രാജ്യത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് 4000ത്തില്‍ കുറവായാല്‍ മാത്രമേ ലോക്ക് ഡൗണില്‍ ഇളവ് വരുത്തേണ്ടതുള്ളൂവെന്നാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍. മൂന്നാം തരംഗത്തില്‍ വ്യാപന തോത് വര്‍ധിക്കുമെന്ന മുന്നറിയിപ്പുകളും ലോക്ക് ഡൗണില്‍ ഇളവ് വരുത്തേണ്ടെന്ന തീരുമാനത്തിനു പിന്നിലുണ്ട്. 

നിലവിലുള്ള സാഹചര്യത്തില്‍ ഡിസംബറില്‍ മാത്രമേ ലോക്ക് ഡൗണില്‍ ഇളവ് വരുത്താനാവുകയുള്ളൂവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഗള്‍ഫ് രാഷ്ട്രങ്ങളിലെ യാത്രാ സംബന്ധമായ വിഷയങ്ങളില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളും ഇടപെടുന്നുണ്ടെങ്കിലും മലേഷ്യയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുണ്ടാവുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മലേഷ്യയിലേക്ക് യാത്രാവിമാന സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.

Previous Post Next Post