മുണ്ടേരി: സമ്പൂർണ ഐ.ടി. സൗകര്യങ്ങളുള്ള പഞ്ചായത്തായി മുണ്ടേരിയെ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. പ്രഖ്യാപിച്ചു. ആകെ 4006 വിദ്യാർഥികളാണ് പഞ്ചായത്തിലെ വിവിധ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇതിൽ 94 വിദ്യാർഥികൾക്ക് ഗാഡ്‌ജറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. പഞ്ചായത്തും ബി.ആർ.സി.യും ചേർന്ന് അവർക്ക് കൂടി ഓൺലൈൻ സൗകര്യമൊരുക്കിയതോടെ പ്രശ്നം പൂർണമായും പരിഹരിച്ചു. കാഞ്ഞിരോട് എ.യു.പി.യിൽ നടന്ന ചടങ്ങിൽ മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ അധ്യക്ഷതവഹിച്ചു.
പ്രഥമാധ്യാപിക കെ.പ്രീത, വൈസ് പ്രസിഡന്റ് എ.പങ്കജാക്ഷൻ, എം.പി. മുഹമ്മദലി, എ.ഇ.ഒ. കെ.പി.പ്രദീപൻ എന്നിവർ സംസാരിച്ചു. കാഞ്ഞിരോട് എ.യു.പി. സ്കൂളിൽ ടാബ് ലെറ്റ് ലൈബ്രറിയും ഇതോടൊപ്പം തുടങ്ങി. പുസ്തക ലൈബ്രറിപോലെ ടാബുകൾ കുട്ടികൾക്ക് ഉപയോഗിക്കാനും സൗകര്യമൊരുക്കി. പുതിയ പാഠഭാഗങ്ങൾ ടാബിൽ ചേർത്താണ് ടാബ് ലൈബ്രറി സജ്ജീകരിച്ചത്.