കൊളച്ചേരി: - സാമൂഹ്യ പ്രവർത്തകനും കെ എസ് & എ സി പ്രസിഡൻറുമായിരുന്ന കെ.വി.രവീന്ദ്രൻ്റെ ഓർമ്മയ്ക്കായി കരിങ്കൽക്കുഴി കെ എസ് & എ സി ഏർപ്പെടുത്തിയ പ്രഥമ ഗ്രാമപ്രതിഭാ പുരസ്കാരം നാടക രചയിതാവും സംവിധായകനും അധ്യാപകനും ഇറ്റാക്സ് കോളേജ് സ്ഥാപകനുമായ ചന്ദ്രൻ തെക്കെയിലിന്.
പൊതു ജനങ്ങളിൽ നിന്നും ലഭിച്ച നാമനിർദ്ദേശങ്ങൾപുരസ്കാര നിർണയ സമിതി പരിശോധിച്ചാണ് പുരസ്കാരം നിശ്ചയിച്ചത്. കെ.വി.രവീന്ദ്രൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 21 ന് വൈകു: 4 ന് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാര സമർപ്പണം നടക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും പ്രഭാഷകനുമായ വി.കെ സുരേഷ്ബാബു അവാർഡ് സമർപ്പിക്കും.
കൊളച്ചേരിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ അദ്വിതീയമായ സംഭാവനകളാണ് ചന്ദ്രൻ തെക്കെയിൽ നൽകിയതെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി.ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും ബിഎഡ്, എം.എഡ്. ബിരുദങ്ങളും നേടിയ അദ്ദേഹം സർ സെയ്ദ് കോളേജിൽ കുറച്ചു കാലം ഭൗതിക ശാസ്ത്രം അധ്യാപകനായിരുന്നു.ബാംഗ്ലൂരിൽ സി.വി.രാമനു കീഴിൽ ബീറ്റാ കിരണങ്ങളെ കുറിച്ച് ഗവേഷണപഠനം നടത്തി. ലാബിൽ വെച്ചുണ്ടായ ഇലക്ട്രിക് ഷോക്കിൽ പെട്ടതിനാൽ ഗവേഷണം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം നാട്ടിൽ ഇറ്റാക്സ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയായിരുന്നു.
സർക്കാർ സർവീസിൽ അധ്യാപകനാവാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിട്ടും അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ ജില്ലയിലെ ആദ്യത്തെ പാരലൽ കോളേജുകളിലൊന്നാണ് ഇറ്റാക്സ്.കൊളച്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സൗകര്യങ്ങളില്ലാത്ത കാലത്ത് ഈ കോളേജ് വലിയ സേവനമാണ് നിർവഹിച്ചത്. കൊളച്ചേരിയുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ഇറ്റാക്സ്.
ഇതേ സമയം തീവ്രമായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിലും അതോടൊപ്പം നാടകപ്രവർത്തനങ്ങളിലും മുഴുകിയ അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനുമാണ്.ജനശക്തി തിയേറ്റർ എന്ന പേരിൽ ഒരു നാടകസംഘം ആരംഭിച്ചു. ജനശക്തിയുടെ രംഗോപകരണശേഖരം ഗ്രാമീണ അമേച്വർ നാടകവേദിക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നൽകിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട റൂഷ് ഡോൺ ഉൾപ്പെടെയുള്ള നിരവധി നാടകങ്ങൾ രചിച്ചു.ഇരുപതിലധികം നാടകങ്ങൾ സംവിധാനം ചെയ്തു. കുതിരവട്ടം പപ്പു, കെ.രാഘവൻ മാസ്റ്റർ,നെല്ലിക്കോട് ഭാസ്കരൻ, കോഴിക്കോട് ശാന്താദേവി, നിലമ്പൂർ ആയിഷ,ബാലുശ്ശേരി സരസ,കൈതപ്രം, കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൾപ്പെടെയുളള പ്രശസ്തരായ നടീനടൻമാരും ഗായകരും സംഗീത സംവിധായകരും മാഷോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നാടകത്തെക്കുറിച്ചുള്ള ഗൗരവമായ പഠനത്തിനും നാടക അവതരണങ്ങൾക്കുമായി എന്ന പേരിൽ ജില്ല അടിസ്ഥാനമായി കണ്ണൂർ കലാസേന രൂപീകരിക്കുന്നതിന് നേതൃത്വം നൽകി.
കൊളച്ചേരി മുക്കിലുള്ള ഇറ്റാക്സ് കോളേജിൽ ഇപ്പോഴും ഗണിത,ഭൗതികശാസ്ത്ര ക്ലാസുകളും എൻട്രൻസ് പരിശീലനവും നടത്തുന്നുണ്ട് ഈ എഴുപത്തിഏഴാം വയസ്സിലും അദ്ദേഹം. കൊളച്ചേരി കേന്ദ്രമാക്കി ഒരു പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായുള്ള ഒരുക്കങ്ങളിലാണ് മാഷ് ഇപ്പോൾ. പ്രവർത്തനനിരതവും വിശ്രമരഹിതവുമായ ആ ജീവിതത്തിന് അർഹമായ അംഗീകാരങ്ങൾ ലഭിച്ചില്ലെങ്കിലും ഇപ്പോഴും പ്രായത്തിൻ്റെ അവശതകൾ ഗൗനിക്കാതെ മാഷ് തൻ്റെ കർമ്മങ്ങൾ ഏകാകിയായി ചെയ്തു കൊണ്ടിരിക്കുന്നു.
പി.കെ.വി. കൊളച്ചേരി ചെയർമാനും പി.സുരേന്ദ്രൻ മാസ്റ്റർ, ഇ.പി.ജയപ്രകാശ് മദനൻ, പി.സൗമിനി,അനീസ് പാമ്പുരുത്തി എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്.