കർണാടകത്തിൽ ലോക്ഡൗണിൽ ഇളവ് ; മാളുകളും ആരാധനാലയങ്ങളും തുറക്കാം, പൊതുവാഹനങ്ങളിൽ മുഴുവൻ സീറ്റിലും യാത്ര

കുടക് ജില്ലയിൽ ഇളവില്ല


ബെംഗളൂരു: -  
കർണാടകത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. പൊതുഗതാഗത വാഹനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്ര അനുവദിച്ചു. മാളുകളും ആരാധനാലയങ്ങളും തുറക്കാം. എന്നാൽ, ആരാധനാലയങ്ങളിൽ പ്രാർഥന മാത്രമേ പാടുള്ളൂ. മറ്റു ചടങ്ങുകൾക്ക് അനുമതിയില്ല. 

തിയറ്ററുകൾ, പബ്ബുകൾ എന്നിവ തുറക്കാൻ അനുമതിയില്ല. സ്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. എല്ലാ ദിവസവും രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ രാത്രി കർഫ്യൂ ഉണ്ടാകും. എന്നാൽ, വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. 

അഞ്ചുമുതൽ 19 വരെയാണ് പുതിയ ഇളവുകൾ പ്രാബല്യത്തിലുണ്ടാകുക. കുടക് ഒഴികെയുള്ള ജില്ലകളിലാണ് മൂന്നാംഘട്ട ഇളവുകൾ ബാധകമാകുക. കുടക് ജില്ലയിൽ രോഗസ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ കൂടുതലായതിനാൽ നിലവിലുള്ള രണ്ടാംഘട്ട ഇളവുകളാണ് തുടരുകയെന്ന് ഉത്തരവിൽ വ്യക്തമാക്കി.


ഇളവുകൾ

* വിവാഹങ്ങളിലും കുടുംബങ്ങളിലെ വിശേഷ പരിപാടികളിലും പരമാവധി 100 പേർക്ക് പങ്കെടുക്കാം.

* മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർ.

* ആരാധനാലയങ്ങൾ തുറക്കാം. പ്രാർഥനയ്ക്ക് മാത്രം അനുമതി.

* കായികതാരങ്ങൾക്കായി നീന്തൽക്കുളങ്ങളും സ്പോർട്‌സ് കോംപ്ലക്സുകളും തുറക്കാം

* വലിയ ആൾക്കൂട്ടമുള്ള രാഷ്ട്രീയ, മത ചടങ്ങുകൾക്കും എല്ലാ സാമൂഹികമായ കൂടിച്ചേരലുകൾക്കും സാംസ്കാരിക പരിപാടികൾക്കും മറ്റ് ആഘോഷങ്ങൾക്കുമുള്ള വിലക്ക് തുടരും.

* സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിങ് മാളുകൾക്കും 100 ശതമാനം ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കാം.

* പൊതുഗതാഗത വാഹനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്ര അനുവദിച്ചു.

* ഹോട്ടലുകൾക്ക് രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം.

Previous Post Next Post