മാനസയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ നാറാത്തെത്തിക്കും


നാറാത്ത് :-
കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും. രാവിലെ പത്ത് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക.

നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകിട്ടുന്ന മൃതദേഹം നാറാത്ത് എത്തിച്ച് സംസ്കാരം നടത്താനാണ് ഇപ്പോഴത്തെ ധാരണ.

ഇന്നലെ രാത്രിയോടെ തന്നെ അച്ഛൻ  മാധവന്റെ ജ്യേഷ്ഠൻ വിജയൻ, അമ്മ ബീനയുടെ സഹോദരൻ സനാതനൻ, സി.പി.എം. ലോക്കൽ സെക്രട്ടറി എൻ. അശോകൻ എന്നിവർ കോതമംഗലത്തേക്ക് പുറപ്പെട്ടിരുന്നു. നിലവിൽ അവർ മൃതദേഹം സൂക്ഷlച്ച ഹോസ്പിറ്റലിലാണ് ഉള്ളത്.

അതേസമയം ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് നാറാത്ത് ഗ്രാമം. ടി. സി ഗേറ്റിനു സമീപത്തായി  കണ്ണൂർ മയ്യിൽ റോഡിന് സമീപത്താണ് ആണ് മാനസയുടെ വീട്. ഒരേനിരയിലാണ് പുത്തൻവീട്ടിൽ തറവാട്ടിലെ നാലുസഹോദരങ്ങളുടെ വീട്. ആ നിരയിലെ രണ്ടാം വീടായ ‘പാർവണം’, കൊല്ലപ്പെട്ട പി.വി. മാനസയുടേ വീട്.

ദുരന്തം ചാനലുകളിൽ ബ്രെയ്‌ക്കിങ്‌ ന്യൂസായി മാറിമറിയുമ്പോൾ അച്ഛൻ മാധവൻ കണ്ണൂർ ടൗണിലെ തളാപ്പിൽ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. കരസേനയിൽ നിന്ന് വിരമിച്ച മാധവൻ ഏതാനും വർഷങ്ങളായി ടൗൺ ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡാണ്. മൂന്നരയോടെ വീട്ടിൽനിന്ന് ഫോൺ വന്നു.

മകൾക്ക് ചെറിയ വിഷമം നേരിട്ടു, വേഗം വരണമെന്നാണ് സന്ദേശം. മാധവൻ വീട്ടിലെത്തിയത് യൂണിഫോമിലായിരുന്നു. ചെന്നിറങ്ങുമ്പോൾ ഭാര്യ ബീനയുടെ നെഞ്ചുപിളരുന്ന നിലവിളി. അപ്പോഴാണ് ആ അച്ഛന് സംഭവങ്ങളുടെ വ്യാപ്തി മനസ്സിലാകുന്നത്.വൈകുന്നേരം ആറ്മണിയോടെയാണ് മകൾ കൊല്ലപ്പെട്ട വിവരം അച്ഛൻ മാധവനോടും അമ്മ ബീനയോടും മയ്യിൽ  ഇൻസ്പെക്ടർ വീട്ടിൽ എത്തി  പറഞ്ഞത്. മാതാപിതാക്കൾ അലമുറയിട്ട് കരഞ്ഞു.

ഇതുപോലൊരു ചെറിയ പ്രദേശത്തിന് താങ്ങാവുന്നതിനപ്പുറമുള്ള ദുരന്തമായിരുന്നു അത്. ബന്ധുക്കളും പരിചയക്കാരും അയൽവാസികളുമായി ഒട്ടേറെപ്പേർ തടിച്ചുകൂടി. വീടിനകത്ത് കടന്നവർ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ നിറകണ്ണുകളോടെ മടങ്ങി. . 

ഒന്നുമുതൽ പ്ലസ്ടുവരെ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസ. പഠനത്തിൽ മിടുക്കി. പ്രവേശനപരീക്ഷയെഴുതി സർക്കാർ ക്വാട്ടയിലാണ് കോതമംഗലത്ത് പ്രവേശനം നേടിയത്. സഹോദരങ്ങളുടെ സമപ്രായക്കാരായ മക്കളുമായി കളിച്ചുചിരിച്ചു നടക്കുന്ന മാനസയുടെ മുഖമാണ് അയൽക്കാരുടെ മനസ്സിൽ. അത് അത്രപെട്ടന്ന് മായുകയുമില്ല.

 ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് അടുപ്പത്തിലായി. ബന്ധം ഉലഞ്ഞ ശേഷവും രാഖിൽ പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി. ഇതോടെ മാനസ അച്ഛനോട് വിവരങ്ങൾ പറഞ്ഞു. കുടുംബം കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ പിപി സദാനന്ദന് പരാതി നൽകി. ഇരു കുടുംബങ്ങളെയും പൊലീസ് വിളിപ്പിച്ചു. കേസെടുക്കേണ്ടെന്നും ഇനി പ്രശ്നങ്ങളുണ്ടാക്കില്ലെന്നും രാഖിലിൽ നിന്ന് ഉറപ്പ് കിട്ടിയാൽ മതിയെന്നാണ് മാനസയുടെ കുടുംബം ആവശ്യപ്പെട്ടത്. രാഖിൽ സമ്മതിച്ചതോടെ ഇവർ രമ്യതയിൽ പിരിഞ്ഞു.

 മേലൂരിൽ ചെമ്മീൻ കൃഷി ചെയ്യുന്ന കുടുംബമാണ് രാഖിലിന്റെത്. ഇൻറീരിയൽ ചെയ്യുന്ന ഇയാൾക്ക് നാട്ടിൽ അധികം ബന്ധങ്ങളില്ല. .

പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Previous Post Next Post