മില്‍മ - കെ എസ് ആര്‍ ടി സി ഫുഡ് ട്രക്ക് ഉദ്ഘാടനം നാളെ

 



കണ്ണൂർ: കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ മുഖ്യകവാടത്തിൽ ഇനി ചായയും ലഘുഭക്ഷണവും കഴിക്കാനുള്ള സ്ഥിരം സൗകര്യം.

കെ.എസ്.ആർ.ടി.സി. യാത്രക്കാർക്കും ജീവനക്കാർക്കും പുറമെ പൊതുജനത്തിനും ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഫുഡ് ട്രക്ക് കണ്ണൂർ ഡിപ്പോയ്ക്ക് മുന്നിൽ തയ്യാറായിക്കഴിഞ്ഞു. പഴയ കെ.എസ്.ആർ.ടി.സി. ബസ് കൗതുകകരമാംവിധത്തിൽ രൂപമാറ്റം വരുത്തിയാണ് ഫുഡ് ട്രക്ക് രൂപപ്പെടുത്തിയത്. ഞായറാഴ്ചമുതൽ പ്രവർത്തനം തുടങ്ങും.

കെ.എസ്.ആർ.ടി.സി.യും മിൽമ മലബാർ മേഖലാ യൂണിയനും ചേർന്നാണ് പുതിയ സംരംഭം ഒരുക്കുന്നത്. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ന്യായവിലയിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കെ.എസ്.ആർ.ടി.സി. കൈമാറിയ പഴയ ബസ് മിൽമയാണ് രൂപമാറ്റം വരുത്തി നവീകരിച്ചത്. കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ കണ്ണായ സ്ഥലത്താണ് ഇത് സ്ഥാപിച്ചത്.

ബസിന്റെ പ്രതിമാസവാടക മിൽമ കെ.എസ്.ആർ.ടി.സി.ക്ക് നല്കും. ചായയ്ക്ക് പുറമെ കാപ്പി, ശീതളപാനീയങ്ങൾ എന്നിവയും ഇവിടെ ലഭ്യമാകും ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ തുടക്കത്തിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് ഫുഡ് ട്രക്ക് പ്രവർത്തിക്കുക. ലോക്ഡൗണിൽ ഇളവുവരുന്ന മുറയ്ക്ക് പ്രവർത്തനസമയം ദീർഘിപ്പിക്കും. ഭാവിയിൽ ജില്ലയിലെ കൂടുതൽ ഡിപ്പോകളിൽ ഈ സംവിധാനം നടപ്പിൽവരുത്താനും അധികൃതർ ലക്ഷ്യമിടുന്നു.

ഞായറാഴ്ച രാവിലെ 9.30-ന് ഡിപ്പോ പരിസരത്ത് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മിൽമ മലബാർ യൂണിയൻ ചെയർമാൻ കെ.എസ്. മണി അധ്യക്ഷത വഹിക്കും. മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയാകും.

Previous Post Next Post