ധർമശാലയിലെ വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുതന്നെ

 

ധർമശാല: വലിയ ആശ്വാസവും പ്രതീക്ഷയും പകർന്ന് ധർമശാല കവലയിൽ ദേശീയപാതയോരത്ത് ആന്തൂർ നഗരസഭ നിർമിച്ച് തുറന്നു കൊടുത്ത വഴിയോര വിശ്രമകേന്ദ്രം മാസങ്ങളായി അടഞ്ഞുകിടക്കുന്നു.

2020 ഒക്ടോബർ 23-ന് അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഏതാനും മാസം പ്രവർത്തിച്ചെങ്കിലും രണ്ടാം കോവിഡ് വ്യാപനത്തോടെ കേന്ദ്രം വീണ്ടും അടച്ചിടുകയായിരുന്നു.

ആന്തൂർ നഗരസഭയുടെ ആസ്ഥാനത്ത് ഒരു പൊതു വഴിയോര വിശ്രമകേന്ദ്രം എന്നത് ഏറെക്കാലമായി ജനങ്ങളുടെ ആവശ്യമായിരുന്നു. അതിന്റെ ഭാഗമായാണ് കെ.എ.പി. നാല് ബറ്റാലിയൻ കേന്ദ്രത്തിന്റെ മൈതാനത്തോട് ചേർന്ന് കേന്ദ്രം നിർമിച്ചത്. സ്ത്രീകൾക്കും യാത്രക്കാർക്കും ഉപയോഗിക്കാൻ ആവശ്യമായ പൊതുശൗചാലയങ്ങളും യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യങ്ങളുമടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ പൂർണ സജ്ജമാക്കുന്നതിന് മുൻപായിരുന്നു ഉദ്ഘാടനം നടത്തിയത്. 119.7 ചതുരശ്ര മീറ്റർ കെട്ടിടസൗകര്യങ്ങളാണ് കേന്ദ്രത്തിൽ ഒരുക്കിയത്.

കേന്ദ്രം തുറന്നുകൊടുത്തപ്പോൾത്തന്നെ നടത്തിപ്പ് ചുമതല നഗരസഭയ്ക്ക് വെല്ലുവിളിയായിരുന്നു. നഗരസഭ തന്നെ നേരിട്ട് ഒരാളെ ചുമതല ഏൽപ്പിച്ച് നിശ്ചിത വേതനം നൽകിയാണ് മുന്നോട്ടുപോയത്.

എന്നാൽ രണ്ടാം കോവിഡ്:വ്യാപനത്തോടെ പൊതു ശൗചാലയങ്ങൾ പൊതുജനങ്ങൾ ഉപയോഗിക്കാൻ മടിച്ചതോടെയാണ് വിശ്രമകേന്ദ്രം പൂർണമായി അടഞ്ഞത്. കേന്ദ്രം വീണ്ടും തുറന്നുപ്രവർത്തിക്കാൻ നഗരസഭ നടത്തിപ്പുകാരെ തേടുകയാണ്. നടത്തിപ്പിനായി ഇതിനകം ടെൻഡറും ക്ഷണിച്ചിട്ടുണ്ട്.

Previous Post Next Post