കണ്ണൂർ:- വരുമാനമില്ലാത്തക്കാലത്ത് നികുതിയിളവിനായി ഫോം ജി സമർപ്പിച്ച് സർവീസ് നിർത്തിയിട്ട അയ്യായിരത്തോളം സ്വകാര്യ ബസുകൾ വെയിലും മഴയും കൊണ്ട് നശിക്കുന്നു. ഷെഡുകളില്ലാത്തതിനാൽ തോട്ടങ്ങളിലും മൈതാനങ്ങളിലും നിർത്തിയിട്ടിരിക്കുന്നവയാണ് ഇവ.
കോവിഡ് കാലത്തിന് മുമ്പ് പെട്രോൾ പമ്പുകളിലും സ്വകാര്യ ബസ്‌സ്റ്റാൻഡുകളുടെ സമീപത്തുമായിരുന്നു മിക്ക ബസുകളും നിർത്തിയിട്ടിരുന്നത് എന്നാൽ, കോവിഡ് കാലത്ത് ഈ സൗകര്യം നിലച്ചു. മിക്ക ബസ്സുടമകൾക്കും സ്വന്തമായി ഷെഡുകളില്ല. അതോടെയാണ് തോട്ടങ്ങളിലും മൈതാനങ്ങളിലും ഉപയോഗമില്ലാതെ കിടക്കുന്ന പറമ്പുകളിലും ബസ് നിർത്തിയിട്ടുതുടങ്ങിയത്.
നികുതിയിളവിനായി ഫോം ജി സമർപ്പിക്കുന്നതിനോടൊപ്പം വാഹനം എവിടെയാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് വ്യക്തമായി കാണിച്ചിരിക്കണം. ആവശ്യമെങ്കിൽ ആർ.ടി. വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധിക്കും. റോഡരികിൽബസ് നിർത്തിയിടരുത്. മറ്റൊരു വ്യക്തിയുടെ സ്ഥലത്താണ് വാഹനം നിർത്തിയിട്ടിരിക്കുന്നതെങ്കിൽ ഫോം ജി-യ്ക്കൊപ്പം ഈ സ്ഥലമുടമയുടെ സമ്മതപത്രവും സമർപ്പിക്കണം. നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തുനിന്ന് മാറ്റിയാൽ ആനുകൂല്യം നഷ്ടമാകും.
ബസുകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ 19,500 മുതൽ 36,000 രൂപ വരെയാണ് നികുതി. വലുപ്പത്തിന്റെയും ഇരിപ്പിടക്കണക്കിന്റെയും അടിസ്ഥാനത്തിലാണിത്. സർവീസ് നടത്താനാകാത്ത കാലയളവിൽ ഈ നികുതിയിൽനിന്ന് രക്ഷനേടാനാണ് 400 രൂപ ഫീസടച്ച് ഫോം ജി സമർപ്പിക്കുന്നത്. ഈ ഫോം സമർപ്പിച്ചാൽ സർവീസ് നടത്താത്ത കാലത്ത് നികുതി ഒടുക്കേണ്ടതില്ല.