കണ്ണൂർ:-കാള്‍ടെക്‌സ് മുതല്‍ പുതിയതെരു വരെയുള്ള റോഡരികിലെ വാഹന പാര്‍ക്കിങ്ങ് ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനും യോഗം ആവശ്യപ്പെട്ടു.
സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ട സൗകര്യം ചെയ്ത് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് കെ എസ് ആര്‍ ടി സി ബസ് സൗകര്യം ഏര്‍പ്പെടുത്തണം. എച്ച് ഐ വി ബാധിതര്‍ക്ക് മാസം 1000 രൂപ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതായി രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാറിനു കത്ത് നല്‍കിയിട്ടുണ്ടെന്നും തുക അനുവദിച്ചാലുടന്‍ നല്‍കുമെന്നും എഡിഎം അറിയിച്ചു. തുരുത്തി മുക്ക് പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള അക്വിസിഷന്‍ നടപടി സ്വീകരിച്ച് പ്രവൃത്തി വേഗത്തില്‍ നടപ്പാക്കണമെന്നും വാഗ്ഭടാനന്ദ സ്മാരകം നിര്‍മിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പിനായി റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കണമെന്നും കെ പി മോഹനന്‍ എം എല്‍ എ ആവശ്യപ്പെട്ടു. എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍ പലപ്രദമാക്കുന്നതിനായി ഓരോ സര്‍ക്കാര്‍ ഓഫീസുകളിലും നോഡല്‍ ഓഫീസറെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.
മാഹി പാലത്തിന്റെ അറ്റകുറ്റ പണി സംബന്ധിച്ച നിര്‍ദേശത്തില്‍ പുനപരിശോധന നടത്തുന്നതിനായി ഏജന്‍സിയെ നിയോഗിച്ചതായി പൊതുമരാമത്ത് എന്‍ എച്ച് വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് ലഭ്യമാക്കുന്ന മുറക്ക് മറ്റു നടപടികള്‍ സ്വീകരിക്കും. ആറളത്ത് ആനമതില്‍ നിര്‍മ്മിക്കുന്നതിന് അനുവദിച്ച 22 കോടി രൂപയുടെ ടെണ്ടര്‍ നടപടി വേഗത്തിലാക്കാന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു.
ആദിവാസി കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഉപകരണം ലഭ്യമാക്കുന്നതിനും നെറ്റ്വര്‍ക്ക് സൗകര്യം ഏര്‍പ്പെടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നെറ്റ്വര്‍ക്ക് ഇല്ലാത്ത 135 കേന്ദ്രങ്ങളില്‍ 27 ഇടങ്ങളില്‍ കണക്ഷന്‍ നല്‍കി. 107 കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉധ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. ശോചനീയാവസ്ഥയിലുള്ള പട്ടിക വര്‍ഗ കോളനികളില്‍ ആവശ്യമായ പരിഹാര നടപടി സ്വീകരിക്കും. അംബേദ്കര്‍ ഗ്രാമം പദ്ധതിയിലുള്ള വള്ളുവക്കുന്ന് പട്ടികജാതി കോളനിയിലേക്ക് റോഡ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് എന്‍ എച്ച് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, എഡിഎം കെ കെ ദിവാകരന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, എംപിമാരുടെയും എം എല്‍ എമാരുടെയും പ്രതിനിധികള്‍, ജില്ലാ തല ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.