പറശ്ശിനിക്കടവ് :- ആറുമാസത്തിനുശേഷം പറശ്ശിനിക്കടവിൽ വിനോദസഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഇന്നു മുതൽ ഓടിത്തുടങ്ങി .
വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ജലഗതാഗതവകുപ്പ് സംസ്ഥാനത്തിറക്കിയ രണ്ടാമത്തെ വാട്ടർ ടാക്സിയാണിത്. 2021 ജനുവരിയിലാണ് സർവീസ് തുടങ്ങിയത്. എന്നാൽ ഏപ്രിൽ ആദ്യത്തെ ആഴ്ചതന്നെ യന്ത്രത്തകരാർമൂലം ഓട്ടം നിലച്ചു. ഈ മൂന്നുമാസംകൊണ്ടുതന്നെ നല്ല വരുമാനം നേടാൻ വാട്ടർ ടാക്സി വഴി ജലഗതാഗതവകുപ്പിന് സാധിച്ചിരുന്നു. ഈ മാസങ്ങളിൽ പറശ്ശിനിക്കടവിൽ എത്തിയ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് വാട്ടർ ടാക്സിയെ ആയിരുന്നു.
ജലഗതാഗതമേഖലയിൽ ടാക്സി സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് സഞ്ചാരികളിൽനിന്നുണ്ടായത്. ഇന്ത്യയിൽതന്നെ രണ്ടാമത്തെ വാട്ടർ ടാക്സിയായിരുന്നു പറശ്ശിനിക്കടവിലേത്. ആധുനിക സുരക്ഷാസംവിധാനമുള്ള കാറ്റാമറൈൻ ബോട്ടാണിത്. ഫൈബറിൽ നിർമിച്ച ബോട്ടിൽ 10 പേർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ ഓടും. 1500 രൂപയ്ക്ക് ഒരുമണിക്കൂർ യാത്രയിൽ വളപട്ടണം പുഴയുടെ തുരുത്തുകളുടെയും തീരങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിക്കാനാകും. അരമണിക്കൂർ 750 രൂപ നിരക്കിലും സർവീസുണ്ടായിരുന്നു. 15 മിനിറ്റ് സമയത്തേക്ക് ഒരാളിൽനിന്ന് 40 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്.
സഞ്ചാരികൾക്ക് മുൻകൂട്ടി ബുക്കിങ്ങിനും സൗകര്യമുണ്ട്. ഫോൺ: 9947819012.