ആശങ്ക വേണ്ട; കരുതലോടെ പോകാം സ്‌കൂളിലേക്ക്

 


കണ്ണൂർ:-കൊവിഡ് കാലത്തെ നീണ്ട ഇടവേളകള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എണ്‍പത് ശതമാനത്തിലേറെ വിദ്യാലയങ്ങളും മികച്ച മുന്നൊരുക്കം നടത്തിയതായി ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കലക്ടറും അറിയിച്ചു. 

വിദ്യാര്‍ഥികളെ ആശങ്കയില്ലാതെ സ്‌കൂളിലേക്കയക്കാം. നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ മിന്നല്‍ പരിശോധനക്കിടെ സംസാരിക്കുകയായിരുന്നു ഇരുവരും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ വളപട്ടണം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിശോധന നടത്തി. 

ചില വിദ്യാലയങ്ങളില്‍ ശുചീകരണത്തില്‍ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടത് അധികൃതരെ അറിയിച്ചിട്ടുണ്ട്. അവ ദ്രുതഗതിയില്‍ പരിഹരിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കി. 

നാടാകെ ശുചീകരണ പ്രക്രിയയില്‍ സജീവമാണ്. കുടിവെള്ളം, ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. ആരോഗ്യ വകുപ്പ്്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. 

ജനകീയ പങ്കാളിത്തത്തോടെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ല. എല്ലാ കുട്ടികളെയും  സ്‌കൂളിലേക്കയക്കണമെന്നും പി പി ദിവ്യ പറഞ്ഞു. 

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ശുചീകരണത്തിലും സുരക്ഷയിലും ഒരു വിട്ടുവീഴ്ചയില്ലെന്നും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. വിദ്യാലങ്ങളിലെ ശുചിമുറികള്‍, ചുറ്റുപാടുകള്‍, ക്ലാസ്സ്മുറികള്‍, ജലസംഭരണികള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ സംഘം പരിശോധിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യുപി ശോഭ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Previous Post Next Post