പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു


കണ്ണൂർ:- 
ഒ ബി സി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍  ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ ടേണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.  

കാര്‍ഷിക/ഉല്‍പാദന/സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും.  

ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ.  പ്രായപരിധി 65 വയസ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെയാണ് അനുവദിക്കുക. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.

പദ്ധതി പ്രകാരം വായ്പ എടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്‌സിഡിയും വായ്പാ തിരിച്ചടവിന്റെ ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും.  ഇതിനു പുറമേ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടക്കുന്ന പലിശയുടെ അഞ്ച് ശതമാനം ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും. 

ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ പലിശ സഹിതമുള്ള മൊത്തം തിരിച്ചടവ് തുക വായ്പ തുകയേക്കാള്‍ കുറവായിരിക്കും.

നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് വായ്പ അനുവദിക്കുക. ഇതിനായി നോര്‍ക്കാ റൂട്ട്‌സിന്റെ www.norkaroots.net ലെ NDPREM - Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം.  

രജിസ്റ്റര്‍ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാ റൂട്ട്‌സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും.


Previous Post Next Post