കണ്ണൂർ :- സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ മികവുത്സവം നവംബര്‍ ഏഴ് മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ 130 കേന്ദ്രങ്ങളിലായി 978 പേര്‍ പരീക്ഷ എഴുതും. സാക്ഷരതാ സമിതികളുടെ നേതൃത്വത്തിലാണ് മികവുത്സവം സംഘടിപ്പിക്കുന്നത്.
പരീക്ഷ എഴുതുന്നവരില്‍ 118 പുരുഷന്‍മാരും 860 സ്ത്രീകളുമാണുള്ളത്. പട്ടികജാതിയില്‍പ്പെട്ട 105 പേരും ആദിവാസി വിഭാഗത്തില്‍പ്പെട്ട 427 പേരും പരീക്ഷ എഴുതും. കൊവിഡ് പശ്ചാത്തലത്തില്‍ ഏഴു മുതല്‍ 14 വരെയുള്ള സൗകര്യപ്രദമായ ദിവസങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മികവുത്സവത്തില്‍ പങ്കെടുക്കാം.
ആന്തൂര്‍ നഗരസഭ തുടര്‍വിദ്യാകേന്ദ്രത്തിലെ 88 വയസ്സുള്ള നാരായണിയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഉളിക്കല്‍ പഞ്ചായത്തിലെ 87 വയസ്സുള്ള ഗോപാലനും ഭാര്യ 80 വയസ്സുള്ള കുമാരിയും പരീക്ഷ എഴുതുന്നുണ്ട്. മട്ടന്നൂര്‍ നഗരസഭയിലെ അയ്യല്ലൂര്‍ തുടര്‍ വിദ്യാകേന്ദ്രത്തില്‍ പരീക്ഷ എഴുതുന്ന തമിഴ്‌നാട്ടുകാരിയായ സത്യരേഖയാണ് (38) പ്രായം കുറഞ്ഞ പഠിതാവ്. ഭിന്നശേഷിക്കാരായ അഞ്ച് പേരും പരീക്ഷ എഴുതുന്നുണ്ട്.