പ്രസാദ ഊട്ട് പുനരാരംഭിച്ചു
ധർമശാല: - പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന ഉത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറ്റും. രാവിലെ 11 മണിക്ക് മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
ഉച്ചയ്ക്ക് ഒരുമണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ ചടങ്ങ് നടക്കും. വൈകുന്നേരം 3.30-ന് തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിൽ പ്രവേശിക്കും. പിന്നീട് തെക്കരുടെ വരവ് എന്നറിയപ്പെടുന്ന കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ചവരവും ഉണ്ടാകും. സന്ധ്യയ്ക്ക് മുത്തപ്പൻ വെള്ളാട്ടം. രാത്രി 10-ന് മുത്തപ്പന്റെ അന്തിവേലയും തുടർന്ന് കുന്നുമ്മൽ തറവാട്ടിൽനിന്ന് കലശം എഴുന്നള്ളിപ്പും നടക്കും. ആദ്യ തിരുവപ്പന മൂന്നിന് രാവിലെ അഞ്ചിന് തുടങ്ങും. മൂന്ന്, നാല് തീയതികളിൽ വൈകുന്നേരം വെള്ളാട്ടവും നാലിന് രാവിലെ തിരുവപ്പന വെള്ളാട്ടവും നടക്കും. ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവച്ചടങ്ങുകൾക്ക് കൊടിയിറങ്ങും. ഞായറാഴ്ച ഭക്തർക്ക് ദർശനസൗകര്യം മാത്രമേ ഉണ്ടാവൂ . അഞ്ച്, ആറ് ദിവസങ്ങളിൽ രാത്രി കഥകളി ഉണ്ടാകും. ശ്രീ മുത്തപ്പൻ കഥകളി യോഗത്തിന്റെ പുറപ്പാട്, കീചകവധം, കിരാതം എന്നീ കഥകളിയും അരങ്ങേറും.
മുത്തപ്പൻ മടപ്പുരയിൽ നീണ്ട ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച ഉച്ചമുതൽ പ്രസാദ ഊട്ട് തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്നാണ് പ്രസാദ ഊട്ട് നിർത്തിവെച്ചത്. നിലവിൽ ഉച്ചയ്ക്ക് മാത്രമായിരിക്കും ഭക്ഷണവിതരണം നടത്തുക. ഞായറാഴ്ചയും രാത്രിയും ഊട്ട് ഉണ്ടാവില്ല.
ഞായറാഴ്ചകളിൽ കുട്ടികൾക്കുള്ള ചോറൂൺ, ചായവിതരണം എന്നിവയും ഉണ്ടാകില്ല.