കണ്ണൂർ:-അറക്കൽ രാജവംശത്തിന്റെ പുതിയ സുൽത്താനായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ (80) ചുമതലയേറ്റു. രാജകുടുംബത്തിലെ 40-ാം ഭരണാധികാരിയാണ് അദ്ദേഹം. താണയിലെ വസതിയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം രണ്ട് അംഗരക്ഷകരുടെയും വാളും പരിചയുമേന്തിയ മറ്റു രണ്ട് സൈനികരുടെയും അകമ്പടിയിൽ നിയുക്ത സുൽത്താനെ പുറത്തെ വേദിയിലെ സിംഹാസനത്തിലേക്ക് ആനയിച്ചു. വേദിയിൽവെച്ച് അദ്ദേഹം വെളുത്ത തലപ്പാവണിഞ്ഞു. 30 വർഷമായി അറയ്ക്കൽ കുടുംബത്തെ സേവിക്കുന്ന പെരളശ്ശേരിയിലെ എ.കെ.ബഷീറാണ് വർണക്കുട ചൂടിച്ചത്. എം.എൽ.എ.മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, മേയർ ടി.ഒ.മോഹനൻ തുടങ്ങിയവർ അനുഗമിച്ചു. ചിറക്കൽ വലിയരാജ സി.കെ.രവീന്ദ്രവർമ പങ്കെടുത്തു. പശ്ചാത്തലത്തിൽ അറക്കൽ രാജവംശത്തിന്റെ വിശാലമായ മുദ്രയിൽ പുതിയ സുൽത്താന്റെ പേര് ആലേഖനം ചെയ്തിരുന്നു.
അനുമോദനത്തിനുശേഷം രാജവംശത്തിന്റെ പാരമ്പര്യ ഉടവാൾ, കഴിഞ്ഞദിവസം അന്തരിച്ച 39-ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവിയുടെ മകൻ ആദിരാജ അബ്ദുൾ ഷുക്കൂർ കൈമാറി. ഡെപ്യൂട്ടി മേയർ കെ.ഷമീമ, വാർഡ് കൗൺസിലർ പനയൻ ഉഷ, അജ്മൽ ആദിരാജ, സുൽത്താന്റെ മകൻ ഇബ്രാഹിം ഷെമി എന്നിവർ സംസാരിച്ചു.
1959-ൽ അറക്കൽ രാജകുടുംബത്തിന്റെ സ്വത്തുക്കൾ ഭാഗംവെയ്ക്കൽ യോഗത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ. മലഞ്ചരക്ക് വ്യാപാരിയായിരുന്ന അദ്ദേഹം പരേതരായ ആദിരാജ ഖദീജ എന്ന ഉമ്പിച്ചി ബീവിയുടെയും ഉമ്മർകുട്ടി ഇളയയുടെയും മകനാണ്. അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരിയും മാസപ്പിറവി അറിയിക്കാനുള്ള അധികാരവുമുള്ള അദ്ദേഹമായിരിക്കും ഇനി കണ്ണൂർ സിറ്റി ജുമാമസ്ജിദ് ചുമതലക്കാരൻ. ഭാര്യ കല്ലാ പുതിയവീട്ടിൽ സഹീദ നേരത്തേ മരിച്ചിരുന്നു.