ടി.പി. സുകുമാരൻ ഗ്രാമവിശുദ്ധി കാത്തുസൂക്ഷിച്ച എഴുത്തുകാരൻ - ടി. പത്മനാഭൻ


കണ്ണൂർ:- 
എഴുത്തിലും നാടകത്തിലും ജീവിതത്തിലും എല്ലാം ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും കാത്തുസൂക്ഷിച്ച വ്യക്തിയാണ് ഡോ. ടി.പി. സുകുമാരനെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'ഡോ. ടി.പി. സുകുമാരന്റെ പ്രബന്ധങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എന്തും എപ്പോഴും തുറന്നുപറയുന്ന ടി.പി. സുകുമാരന്റെ പ്രതികരണങ്ങൾ എന്നും ധീരമായിരുന്നു. കാര്യലാഭംനോക്കി പറയുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. ചാഞ്ചല്യമില്ലാതെ അദ്ദേഹം പ്രതികരിച്ചിരുന്നു- പത്മനാഭൻ പറഞ്ഞു

കേരള സാഹിത്യ അക്കാദമി ഒരുപാട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല പുസ്തകങ്ങൾക്കൊപ്പം പല ചവറുകളും പ്രസിദ്ധീകരിച്ചുകൊണ്ടുള്ള പാപങ്ങളും അക്കാദമി ചെയ്തിട്ടുണ്ട്. ഏതായാലും ടി.പി. സുകുമാരന്റെ ഈ പുസ്തകം അച്ചടിക്കുക എന്ന പുണ്യപ്രവൃത്തി വഴി അക്കാദമി ഇതുവരെ ചെയ്ത എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റ് ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പുസ്തകം പരിചയപ്പെടുത്തി. ടി.പി. വേണുഗോപാലൻ, കെ.എം. നരേന്ദ്രൻ, ഇ.പി. രാജഗോപാലൻ, ആലങ്കോട് ലീലാകൃഷ്ണൻ, ബാലകൃഷ്ണൻ കൊയ്യാൽ, ടി.വി. ബാലൻ, നാരായണൻ കാവുമ്പായി, എ.വി. അജയകുമാർ, ഇ.ഡി. ഡേവിഡ് എന്നിവർ സംസാരിച്ചു.




Previous Post Next Post