മയ്യിൽ:- ജില്ലയിലെ നെൽവയലുകളെ കതിരണിയിക്കാനുള്ള അത്യുത്‌പാദനശേഷിയുള്ളതും കരുത്താർന്നതുമായ നെൽവിത്തുകൾ ഇനി നെല്ലിക്കപ്പാലം വയലിൽ വിളയും.
സംസ്ഥാന സീഡ് അതോറിറ്റി, മയ്യിൽ കൃഷിഭവൻ, മയ്യിൽ അരി ഉത്‌പാദക കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് നെല്ലിക്കപ്പാലം പാടശേഖരത്തിൽ വിത്തുഗ്രാമം പദ്ധതി നടപ്പാക്കിയത്. 25 ഹെക്ടർ വയലിലേക്കുള്ള നെൽവിത്തുകളാണ് അതോറിറ്റി നെൽവിത്ത് ഗ്രാമം പദ്ധതിയിലൂടെ കർഷകർക്ക് കൈമാറി വിതച്ചത്.
മയ്യിലെ മികച്ച പാടശേഖരങ്ങളിലൊന്നാണിത്. കർഷകർ സംഭരിക്കുന്ന വിത്ത് അതോറിറ്റി നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങി മയ്യിൽ ബ്രാൻഡിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.കെ.അജിമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയരക്ടർ എം.എൻ.പ്രദീപൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ണ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ്.പ്രമോദ്, എം.വി.അജിത, പാടശേഖരസമിതി സെക്രട്ടറി കെ.നാരായണൻ, കെ.കെ.രാമചന്ദ്രൻ, കെ.പി.ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് സന്ധ്യ ജയറാം എന്നിവർ സംസാരിച്ചു