സി പി എം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കൊടിയേരി തിരിച്ചെത്തി


തിരുവനന്തപുരം:-
സിപിഎം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണൻ. ഇന്ന് ചേർത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാൻ തീരുമാനിച്ചത്. മയക്കുമരുന്ന് ഫണ്ട് കേസിൽ അറസ്റ്റിലായിരുന്ന മകൻ ബിനീഷ് കോടിയേരി ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് പദവിയിലേക്ക് തിരികെ വരാൻ പാർട്ടി പച്ചക്കൊടി കാണിച്ചിരുന്നുവെങ്കിലും അൽപം സമയമെടുത്താണ് കോടിയേരിയുടെ മടക്കം. ബിനീഷിൻ്റെ ജയിൽവാസം അനിശ്ചിതമായി നീണ്ടത് കോടിയേരിയുടെ മടങ്ങിവരവ് നീളാൻ കാരണമായിരുന്നു.

തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി 2020 നവംബർ പത്തിനാണ് ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കോടിയേരിക്ക് പകരക്കാരനായി പല പേരുകളും ഉയർന്നു കേട്ടെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു സിപിഎം  നേതൃത്വം ചെയ്തത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണി മികച്ച വിജയം നേടുമ്പോൾ പാർട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടായിരുന്നില്ല.

Previous Post Next Post